വികാസ് ദുബെയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി; രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കാൺപുർ: യുപിയിൽ പോലീസ് റെയ്ഡ്‌നിടെ എട്ട് പോലീസുദ്യോഗസ്ഥർക്ക് ജീവഹാനി സംഭവിച്ചത് സഹപ്രവർത്തകർ കാരണം. കൊടുംകുറ്റവാളി വികാസ് ദുബെയുടെ കേന്ദ്രത്തിൽ റെയ്ഡ് നടത്താനെത്തിയ എട്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പോലീസുകാർ അറസ്റ്റിൽ. കൊടുംകുറ്റവാളി വികാസ് ദുബെയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ചൗബേപുർ സ്റ്റേഷൻ ഓഫീസർ വിനയ് തിവാരി, സബ് ഇൻസ്‌പെക്ടർ കെകെ ശർമ്മ എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

പോലീസ് റെയ്ഡ് സംബന്ധിച്ച വിവരം ഇരുവരും ദുബെയ്ക്ക് ചോർത്തിയെന്നാണ് ആരോപണം. ഇരുവരെയും അധികൃതർ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇരുവർക്കും എതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ദുബെയും സംഘവും എട്ട് പോലീസ് ഉദ്യോഗസ്ഥരെ ദാരുണമായി കൊലപ്പെടുത്തിയത്.

പോലീസ് റെയ്ഡിനെത്തുമെന്ന വിവരം ദുബെയ്ക്ക് ചോർത്തി നൽകിയതാണ് അനിഷ്ട സംഭവത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. പോലീസിന്റെ നീക്കങ്ങളെപ്പറ്റി വ്യക്തമായി വിവരം ലഭിച്ച ദുബെ റെയ്ഡ് തടയാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്.

പുലർച്ചെ പോലീസുകാർ എത്തിയപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദുബെ മാർഗതടസം സൃഷ്ടിച്ചു. ഇതേത്തുടർന്ന് റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതോടെ അവർക്കുനേരെ നിറയൊഴിച്ചു. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ദുബെയുടെ തലയ്ക്ക് ഉത്തർപ്രദേശ് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.

Exit mobile version