കോവിഡ്; ചികിത്സയില്‍ കഴിയവെ ഗോവ മുന്‍ ആരോഗ്യമന്ത്രിക്ക് ദാരുണാന്ത്യം, നഷ്ടപ്പെട്ടത് മികച്ച ബിജെപി നേതാവിനെയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനജി: കൊവിഡ് 19 വൈറസ് ബാധിച്ച് ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ. സുരേഷ് അമോന്‍കര്‍ മരിച്ചു. 68 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. വൃക്കരോഗി കൂടിയായിരുന്നു അദ്ദേഹം.

ജൂണ്‍ 21 നാണ് സുരേഷ് അമോന്‍കറിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നു മുതല്‍ ഗോവയിലെ കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ വൃക്കരോഗം മൂര്‍ച്ചിക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

രണ്ട് തവണ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു സുരേഷ് അമോന്‍കര്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഖം പ്രകടിപ്പിക്കുന്നുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ സേവനങ്ങള്‍ മികച്ചതായിരുന്നുവെന്നും മറക്കാനാവാത്തതാണെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. നിരവധി പേരാണ് സുരേഷ് അമോന്‍കറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. 1999ലും 2002 ലും ഗോവയിലെ നോര്‍ത്ത് ഗോവ മണ്ഡലത്തില്‍ നിന്നാണ് അമോന്‍കറിന് ഗോവ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version