പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ചു മരിച്ചു; ആഘോഷത്തിൽ പങ്കെടുത്തത് നൂറിലേറെ പേർ

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തെ ആശങ്കയിലാഴ്ത്തി ജ്വല്ലറി ഉടമ കൊവിഡ്19 രോഗം ബാധിച്ച് മരിച്ചു. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം സംഘടിപ്പിച്ച ആഡംബരപൂർണമായ പിറന്നാളാഘോഷത്തിൽ നൂറിലധികം അതിഥികൾ പങ്കെടുത്തിരുന്നു. ഇതോടെ നഗരത്തിൽ തന്നെ ആശങ്ക ഉയരുകയാണ്. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതേസമയം, ആഘോഷത്തിൽ പങ്കെടുത്ത മറ്റൊരു ജ്വല്ലറി ഉടമ വൈറസ് ബാധയെ തുടർന്ന് ശനിയാഴ്ച മരിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. രണ്ട് മരണവാർത്തയും പ്രചരിച്ചതോടെ ചടങ്ങിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനയ്ക്കായി സ്വകാര്യലാബുകളിലെത്തിയതായാണ് വിവരം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ)മാനദണ്ഡങ്ങൾ അനുസരിക്കാതെയും മതിയായ പരിശീലനം ലഭിച്ച ജീവനക്കാരോ സൗകര്യമോ കൂടാതെയുമാണ് മിക്ക സ്വകാര്യലാബുകളും പ്രവർത്തിക്കുന്നതെന്ന് കാണിച്ച് പതിമൂന്നോളം ലാബുകൾക്ക് തെലങ്കാന ആരോഗ്യവകുപ്പ് നോട്ടീസയച്ചിട്ടുണ്ട്.

തെലങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 50 ശതമാനവും ഹൈദരാബാദിൽ നിന്നായതോടെ സംസ്ഥാനത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായി ഹൈദരാബാദ് നഗരം മാറിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പലയിടത്തും ആഘോഷച്ചടങ്ങുകൾ നടത്തുന്നതാണ് സംസ്ഥാനത്തെ സൂപ്പർസ്‌പ്രെഡിന് കാരണമെന്ന് പൊതുജനാരോഗ്യവകുപ്പ് ഡയറക്ടർ ജി ശ്രീനിവാസറാവു പറഞ്ഞു.

Exit mobile version