കൊവിഡിനെ നേരിടാൻ ആശുപത്രി സംവിധാനം കോച്ചുകളിൽ ഒരുക്കാൻ റെയിൽവേ; ശുദ്ധവായു പമ്പു ചെയ്യും; ചെലവ് സ്വയം വഹിക്കും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെ കൊവിഡിനെ നേരിടാൻ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നു. ആശുപത്രിക്ക് സമാനമായ ശുചിത്വത്തിനൊപ്പം ശുദ്ധവായു പമ്പുചെയ്യാനും റെയിൽവേ തയ്യാറെടുക്കുകയാണ്. എസി കോച്ചുകളിലാണ് പുതിയ സംവിധാനമൊരുക്കുന്നത്. ആശുപത്രികളിലെ ഓപ്പറേഷൻ തീയ്യേറ്ററിലുള്ള പോലെ സംവിധാനമൊരുക്കാനാണ് അധികൃതരുടെ നീക്കം. കോച്ചിലേക്ക് ശുദ്ധവായു പമ്പുചെയ്യുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം. 15 ജോഡി രാജധാനി റൂട്ടുകളിൽ ഇതിനോടകം ഈ രീതി പരീക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്.

കൊവിഡ് കാലത്തിന് ശേഷം എല്ലാ എസി തീവണ്ടികളിലും പുതിയ സംവിധാനം നടപ്പിലാക്കാനാണ് റെയിൽവേയുടെ പദ്ധതി. നേരത്തെ റെയിൽവേക്ക് എസി ട്രെയിനുകളിലെ വായു മണിക്കൂറിൽ ആറുമുതൽ എട്ടുവരെ തവണ മാറ്റണമായിരുന്നു. കോച്ചുകളിലേക്ക് എത്തുന്ന വായുവിന്റെ 80 ശതമാനവും പുനർചംക്രമണം ചെയ്യപ്പെടുന്ന വായുവായിരുന്നു. ബാക്കിയുള്ള 20 ശതമാനം മാത്രമായിരുന്നു ശുദ്ധവായു.

അതേസമയം, പുതിയ സംവിധാനം വഴി ഓപ്പറേഷൻ തീയ്യേറ്ററിലേതിന് സമാനമായി മണിക്കൂറിൽ 16 മുതൽ 18 തവണ വരെ പുത്തൻ വായു കോച്ചിലെത്തിക്കാനാവും. പുത്തൻവായു ഉള്ളിലെത്തുന്നതിന്റെ തവണകൾ കൂടുതലായതിനാൽ അതിനനുസരിച്ച് ഊർജ ഉപഭോഗത്തിലും 10 മുതൽ 15 ശതമാനം വരെ വർധനവുണ്ടാവും. പുതുതായി കോച്ചിലേക്കെത്തുന്ന വായുവിന്റെ താപനില കുറയാൻ കൂടുതൽ സമയവും ഊർജവും എടുക്കും എന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്. പക്ഷേ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇതിന്റെ തുക റെയിൽവേ തന്നെ നൽകുമെന്നാണ് റിപ്പോർട്ട്.

Exit mobile version