ഡല്‍ഹി ജുമാ മസ്ജിദ് വെള്ളിയാഴ്ച മുതല്‍ വീണ്ടും തുറക്കും; വിശ്വാസികള്‍ക്ക് ദിവസത്തില്‍ നാല് തവണ പ്രാര്‍ഥനയ്‌ക്കെത്താം

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് സഭാ പ്രാര്‍ഥനയ്ക്കായി വെള്ളിയാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്ന് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. രാത്രി 10 നും രാവിലെ 6 നും ഇടയില്‍ കര്‍ഫ്യൂ ആയതിനാല്‍ പ്രഭാത നമാസ് ഒഴികെ വിശ്വാസികള്‍ക്ക് ദിവസത്തില്‍ നാല് തവണ പള്ളിയില്‍ പ്രാര്‍ഥന നടത്താമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 25 മുതല്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പള്ളി അടച്ചിട്ടിരിക്കുകയാണ്.

ജൂണ്‍ എട്ടിന് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന ഇളവ് കേന്ദ്രം പ്രഖ്യാപിച്ചതോടെ പള്ളി തുറന്നെങ്കിലും ഡല്‍ഹിയില്‍ വൈറസ് വ്യാപനം കൂടിയതോടെ മൂന്ന് ദിവസത്തിന് ശേഷം പള്ളി വീണ്ടും അടച്ചിരുന്നു.

ഫത്തേപുരി മസ്ജിദ് ഉള്‍പ്പെടെ നഗരത്തിലെ മറ്റ് പള്ളികളും ജൂലൈയോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version