വീണ്ടും യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചർച്ചയ്ക്ക് ഒരുങ്ങി രാജ്‌നാഥ് സിങ്; ഇന്ത്യ-ചൈന സംഘർഷവും ചർച്ചയ്ക്ക്

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറുമായി ചർച്ച നടത്തും. ചൊവ്വാഴ്ച ടെലിഫോണിലൂടെയാണ് ചർച്ച നടത്തുക. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ ഇന്ത്യ-ചൈന സംഘർഷവും ചർച്ചയിൽ വിഷയം ആയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ-ചൈന സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഇത് രണ്ടാം തവണയാണ് രാജ്‌നാഥ് സിങും മാർക്ക് എസ്പറും തമ്മിൽ ചർച്ച നടത്തുന്നത്. ഇന്ന് തന്നെ ഇന്ത്യയും ചൈനയും തമ്മിൽ കോർപ്‌സ് കമാൻഡർ തല ചർച്ച നടക്കുന്നുണ്ട്. ചുഷൂലിലാണ് ചർച്ച. 14 കോർപ്‌സ് കമൻഡർ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങും ചൈനീസ് സേന പ്രതിനിധി ലിൻ ലിയുവുമായാണ് ചർച്ച.

കോർപ്‌സ് കമാൻഡർ ചർച്ച ഇത് മൂന്നാംവട്ടമാണ് നടത്തുന്നത്. ജൂൺ ആറിനും 22നുമായിരുന്നു മുമ്പ് ചർച്ചകൾ നടന്നത്. സേനാ പിന്മാറ്റമാണ് ചർച്ചയിൽ വിഷയമാവുക.

Exit mobile version