ബിജെപി സർക്കാർ ചൈനയിൽ നിന്നും ഇറക്കുമതി കൂട്ടി, പേര് മേയ്ക്ക് ഇൻ ഇന്ത്യ എന്നാക്കി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് അതിർത്തിയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണത്തിന് രാജ്യമെമ്പാടും ആഹ്വാനം ഉയർന്നിരുന്നു. ബിജെപി മുന്നിൽ നിന്ന് നയിക്കുന്ന ബോയ്‌ക്കോട്ട് ചൈന മുദ്രാവാക്യത്തിലെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി വർധിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ കേന്ദ്രസർക്കാറിനെതിരെ വിമർശനമുന്നയിച്ചത്.

”യാഥാർഥ്യം നുണയല്ല. ബിജെപി പറയുന്നത്: ഇന്ത്യയിൽ നിർമ്മിക്കാൻ, ബിജെപി ചെയ്യുന്നത്: ചൈനയിൽ നിന്ന് വാങ്ങൽ. ” രാഹുൽ ട്വീറ്റ് ചെയ്തു. യുപിഎ, എൻഡിഎ ഭരണകാലങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച കണക്കുകളുടെ ഗ്രാഫിക്‌സ് ഉൾപ്പെടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

യുപിഎ സർക്കാർ ഇറങ്ങി മോഡി സർക്കാർ അധികാരത്തിലേറിയ 2014ൽ 12-13 ശതമാനം വരെയായിരുന്നു ചൈനയിൽ നിന്നുള്ള ഇറക്കുമതിയെന്നും അത് മോഡി ഭരണകാലത്ത് 2020ൽ 17-18 ശതമാനമായി ഉയർന്നെന്നും രാഹുൽ പങ്കുവെച്ച ഗ്രാഫിക്‌സിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രാഹുൽ വിമർശനമുന്നയിച്ചിരുന്നു.

Exit mobile version