കര്‍ണാടകയില്‍ ബിജെപി എങ്ങനെ അധികാരത്തിലെത്തി, പിന്നിലുള്ള ചരടുവലികളെക്കുറിച്ച് വെളിപ്പെടുത്താനൊരുങ്ങി എച്ച് വിശ്വനാഥ് , യെദ്യൂരപ്പയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം ഉറപ്പിക്കാനുള്ള ഓപ്പറേഷന്‍ കമലയ്ക്ക് പിന്നിലെ ചരടുവലികള്‍ വെളിപ്പെടുത്തി പുസ്തകമിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ എംഎല്‍എ എച്ച് വിശ്വനാഥ്. പുസ്തകം പ്രഖ്യാപിച്ചതിന് പിന്നാലെ ഇനിയങ്ങോട്ട് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമോ എന്നാണ് പല ദിക്കുകളില്‍ നിന്നും ഉയരുന്ന സംശയം.

ഓപ്പറേഷന്‍ കമലയ്ക്ക് വേണ്ടി അണിയറയില്‍ എന്തൊക്കെ ഡീലുകളാണ് ഉറപ്പിച്ചിരുന്നതെന്നും ആരൊക്കെയാണ് ചരടുവലിച്ചതെന്നുമുള്ള മുഴുവന്‍ കാര്യങ്ങളും പുസ്‌കത്തിലൂടെ വ്യക്തമാക്കുമെന്ന് വിശ്വനാഥ് പറഞ്ഞു. പുസ്തകത്തിന് ബോംബേ ഡേയ്‌സ് എന്നാകും പേരെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ രാജിവെച്ച മുന്‍ ജെഡിഎസ് എംഎല്‍എമാരില്‍ ഒരാളാണ് വിശ്വനാഥ്. കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എങ്ങനെ അധികാരത്തിലെത്തിയെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് വിശ്വനാഥ് പറയുന്നു.

‘എന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും ആത്മവിശ്വാസമുണ്ടായതും അവര്‍ ബിജെപിക്കൊപ്പം എത്തിയതും. ഞങ്ങള്‍ മുംബൈക്ക് വിമാനം കയറി. ഞങ്ങളാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം അധികാരത്തിലെത്താന്‍ കാരണം ഞങ്ങളുടെ ത്യാഗമാണ്.’ എല്ലാ കാര്യങ്ങളും എല്ലാവരോടുമായി വെളിപ്പെടുത്താന്‍ പോവുകയാണെന്നും വിശ്വനാഥ് പറയുന്നു.

പുസ്തകം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം പുസ്തകം പുറത്തിറക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിശ്വനാഥ് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ യെദ്യൂരപ്പ പ്രതികരിച്ചിട്ടില്ല.

Exit mobile version