ഇത്തവണ ഹജ്ജിന് ഇന്ത്യയില്‍ നിന്നും തീര്‍ഥാടകരുണ്ടാകില്ല; മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്നും തീര്‍ഥാടകരെ അയയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

2.3 ലക്ഷം പേരാണ് ഹജ്ജിന് വേണ്ടി അപേക്ഷിച്ചിരുന്നത്. ഇവര്‍ പണം അടയ്ക്കുകയും ചെയ്തു. എല്ലാവര്‍ക്കും പണം തിരികെ നല്‍കും. യാതൊരു ഫീസും ഈടാക്കാതെ മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

സഹയാത്രികന്‍ (മെഹ്റം) ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷിച്ച 2300 സ്ത്രീകള്‍ക്ക് ഇക്കൊല്ലത്തെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2021ല്‍ ഹജ്ജിനു പോകാന്‍ അവസരം നല്‍കുന്നെും മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച പ്രസ്താവന സൗദി അറേബ്യ പുറപ്പെടുവിച്ചത്. നിലവില്‍ സൗദിയില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമുള്ളത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വവും പൊതുജനാരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനം. സുരക്ഷാമുന്‍കരുതലുകളും സാമൂഹ്യ അകലവും പാലിച്ചാകും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടന കര്‍മ്മങ്ങള്‍.

Exit mobile version