2,396 പേര്‍ക്കു കൂടി കോവിഡ്, വൈറസ് ഭീതിയില്‍ തമിഴ്‌നാട്, രോഗികളുടെ എണ്ണവും മരണവും ഉയരുന്നു.

ചെന്നൈ: കോവിഡ് 19 വൈറസിന്റെ പിടിയിലായ തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,396 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 38 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്.

സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ 33,231 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ദിവസമാണ് കഴിഞ്ഞ ദിവസം. ഇതുവരെ 86,1211 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്.

ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണ്. കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന കര്‍ണാടകയില്‍ കഴിഞ്ഞദിവസം 9 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 416 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. 8697പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 132പേര്‍ മരിച്ചു.

Exit mobile version