‘നഷ്ടപ്പെട്ടത് ഏക മകനെ, രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞതോര്‍ത്ത് അഭിമാനം മാത്രം’: അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ച സൈനികന്റെ അമ്മ പറയുന്നു

ഹൈദരാബാദ്:’ഒരേയൊരു മകനെ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, അതേസമയം, അവന്‍ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെന്നതില്‍ അഭിമാനമുണ്ട്’. ലഡാക്ക് അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്‍ കേണല്‍ ബി സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുളയുടെ വാക്കുകളാണിത്.

ഞായറാഴ്ചയാണ് അവസാനമായി മകനോട് സംസാരിച്ചത്. ആ പ്രദേശത്ത് നിന്നും പുറത്തുവരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നും വിശ്വസിക്കേണ്ടെന്നും യഥാര്‍ഥ സ്ഥിതി വ്യത്യസ്തമാണ് എന്നാണ് സന്തോഷ് പറഞ്ഞത്- മജ്ഞുള പറയുന്നു.

മകനെ നഷ്ടമായെന്ന വിവരം ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് കേണല്‍ സന്തോഷിന്റെ പിതാവ് ഉപേന്ദര്‍ പ്രതികരിച്ചു. ഉച്ചയോടെയാണ് ഞങ്ങള്‍ വിവരമറിഞ്ഞത്. മരണവാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും അത് സത്യമായിരുന്നു, ഏക മകനെ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നുവെന്ന് ഉപേന്ദര്‍ പ്രതികരിച്ചു. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് ഉപേന്ദര്‍.

തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലക്കാരനാണ് സന്തോഷ്. തിങ്കളാഴ്ച ഇന്ത്യാ-ചൈന അതിര്‍ത്തിയായ ലഡാക്കില്‍ വച്ച് ചൈനീസ് സൈനികരുമായുള്ള ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ചത്. സന്തോഷ് ബാബുവിനൊപ്പം മറ്റ് രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

സന്തോഷിന്റെ അച്ഛനും അമ്മയും സ്വദേശമായ സൂര്യാപേട്ടിലാണ് കഴിയുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ശേഷം ഭാര്യയോടൊപ്പം കേണല്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി. എന്നാല്‍ കഴിഞ്ഞ 18 മാസമായി അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാടുന്നയാളാണ് അദ്ദേഹം. ഒരു മകളും മകനുമുണ്ട്.

16 ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് കേണല്‍ സന്തോഷ് ബാബു. ഒന്നരവര്‍ഷമായി ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലമാറ്റം ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഗല്‍വാര്‍ താഴ്വരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ, ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.

Exit mobile version