ധീരജവാന്മാര്‍ക്ക് രാജ്യത്തിന്റെ ആദരം: വീരമൃത്യു വരിച്ച മലയാളി സൈനികന്‍ ശ്രീജിത്തിനടക്കം 12 പേര്‍ക്ക് ശൗര്യചക്ര

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബേദര്‍ എം ശ്രീജിത്തിന് ശൗര്യചക്ര നല്‍കി രാജ്യത്തിന്റെ ആദരം. ശ്രീജിത്ത് ഉള്‍പ്പടെ പന്ത്രണ്ട് സേന അംഗങ്ങള്‍ക്കാണ് ശൗര്യചക്ര നല്‍കി രാജ്യം ആദരിക്കുന്നത്. ഒളിമ്പിക്‌സിലെ നേട്ടത്തിന് സുബേദാര്‍ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡല്‍ സമ്മാനിക്കും.

കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിന് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാകിസ്താന്‍ അതിര്‍ത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്.

കരസേനയില്‍ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേര്‍ സിആര്‍പിഎഫ് ജവാന്മാരാണ്.

എം. ശ്രീജിത്തിന് പുറമേ ഹവില്‍ദാര്‍ അനില്‍കുമാര്‍ തോമര്‍, ഹവില്‍ദാര്‍ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ പിങ്കു കുമാര്‍, ശിപായി ജസ്വന്ത് കുമാര്‍, റൈഫിള്‍മാര്‍ രാകേഷ് ശര്‍മ്മ എന്നീ സൈനികരേയും ശൗര്യചക്ര നല്‍കി ആദരിക്കും. ദിലീപ് മാലിക്, അനിരുദ്ധ് പ്രതാപ് സിങ്, അജീത് സിങ്, വികാസ് കുമാര്‍, പൂര്‍ണാനന്ദ്, കുല്‍ദീപ് കുമാര്‍ എന്നീ സിആര്‍പിഎഫ് ജവാന്മേരേയും ശൗര്യചക്ര നല്‍കി ആദരിക്കും.

384 സൈനികര്‍ക്കാണ് സേന മെഡലുകള്‍ പ്രഖ്യാപിച്ചത്. ഉത്തം സേവാ മെഡലിന് രണ്ട് മലയാളികള്‍ അര്‍ഹരായി. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി.ഗോപാലകൃഷ്ണമേനോന്‍ എന്നിവര്‍ക്കാണ് ഉത്തം സേവ മെഡല്‍ ലഭിക്കുക. ലെഫ്. ജനറല്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് അതിവിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിക്കും. ഒളിമ്പിക്‌സിലെ സുവര്‍ണ്ണ മെഡല്‍ നേട്ടം കണക്കിലെടുത്താണ് സുബേദാര്‍ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിക്കുന്നത്. ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സുബൈദാര്‍ റാങ്കിലുള്ള നീരജിന് ഈ നേട്ടം.

ധീരതക്കുള്ള മെഡലുകള്‍ അഞ്ചു മലയാളികള്‍ക്കുണ്ട്. സര്‍വോത്തം ജീവന്‍ രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആര്‍ആര്‍ന് പ്രഖ്യാപിച്ചു. നാല് മലയാളികള്‍ ഉത്തം ജീവാ രക്ഷ പതക്കിനും അര്‍ഹരായി. അല്‍ഫാസ് ബാവു, കൃഷ്ണന്‍ കണ്ടത്തില്‍, മയൂഖാ വി, മുഹമ്മദ് ആദന്‍ മൊഹുദ്ദീന്‍ എന്നിവരാണ് ഉത്തം ജീവാ രക്ഷാ പതക്കിന് അര്‍ഹരായത്.

Exit mobile version