വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ ഇനി ഡെപ്യൂട്ടി കളക്ടര്‍; ഉത്തരവ് നേരിട്ടെത്തി കൈമാറി തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ
ഡെപ്യൂട്ടി കളക്ടറായി നിയമിച്ച് തെലങ്കാന.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയ്ക്ക് അപ്പോയിന്‍മെന്റ് ലെറ്റര്‍ കൈമാറി. പ്രഗതി ഭവനില്‍ വെച്ചാണ് സന്തോഷിയ്ക്ക് അപ്പോയ്ന്‍മെന്റ് ലെറ്റര്‍ കൈമാറിയത്. നേരത്തെ, കേണല്‍ സന്തോഷ് കുമാറിന്റെ കുടുംബത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഗ്രൂപ്പ് 1 ഓഫീസറായി സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു.

ഹൈദരാബാദിലും സമീപ മേഖലകളിലും സന്തോഷിയ്ക്ക് നിയമനം നല്‍കാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജോലിയില്‍ പരിശീലനം പൂര്‍ത്തിയാകുന്നത് വരെ എല്ലാവിധ സഹായങ്ങളും നല്‍കി സന്തോഷിയോടൊപ്പം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി തന്റെ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

മന്ത്രിമാരായ ജഗദീഷ് റെഡ്ഡി, പ്രശാന്ത്, റെഡ്ഡി, നിരഞ്ജന്‍ റെഡ്ഡി, എംഎല്‍എമാരായ ഗ്യാദേരി കിഷോര്‍, ബൊല്ലം മല്ലയ്യ യാദവ്, ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍, ഡിജിപി എം മെഹ്ധര്‍ റെഡ്ഡി എന്നിങ്ങനെ നിരവധി പേരുടെ സാന്നിദ്ധ്യത്തിലാണ് അപ്പോയിന്‍മെന്റ് ലെറ്റര്‍ കൈമാറിയത്. സന്തോഷ് ബാബുവിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ, നാല് കോടി രൂപ സന്തോഷിക്കും ഒരു കോടി രൂപ സന്തോഷ് ബാബുവിന്റെ മാതാപിതാക്കള്‍ക്കും മുഖ്യമന്ത്രി ധനസഹായം നല്‍കുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ 711 ചതുരശ്ര അടി സ്ഥലവും നല്‍കുന്നതായി ചന്ദ്രശേഖര്‍ റാവു അറിയിച്ചു.

ബീഹാര്‍ റെജിമെന്റിന്റെ 16-ാമത്തെ ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ആയിരുന്ന കേണല്‍ സന്തോഷ് ബാബുവടക്കമുള്ള സൈനികര്‍ ജൂണ്‍ 15 ന് രാത്രി ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്.

Exit mobile version