ചെരുപ്പഴിച്ച് റോഡില്‍ നില്‍ക്കുന്ന ചിത്രം ഇന്ത്യയിലേതല്ല: മോഡിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം ഇന്തൊനേഷ്യയിലേത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി നിര്‍മ്മിച്ച റോഡെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത് വ്യാജം. പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും ഫോളോ ചെയ്യുന്ന പവന്‍ ദുരാനി ട്വീറ്റ് ചെയ്ത ഫോട്ടോ എന്നാല്‍ ഇന്ത്യയിലെ ഗ്രാമത്തിലേതല്ല,
അത് ഇന്തോനോഷ്യയിലേതാണ്.

‘ഒരു ഗ്രാമത്തില്‍ ആദ്യമായി റോഡ് നിര്‍മ്മിച്ച് നല്‍കിയാല്‍ ഇങ്ങനെയിരിക്കും. നന്ദി പ്രധാനമന്ത്രി’ എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവന്നതോടെ ദുരാനി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ 5000 ലൈക്കും 2000 റീട്വീറ്റും ഇതിന് ലഭിച്ചിരുന്നു.

ഇന്തോനേഷ്യയിലെ ഗ്രാമത്തില്‍ നിന്നെടുത്ത ഈ ചിത്രം 2018 ഒക്ടോബറില്‍ ‘ദ ക്യുബെക് ടൈംസ്’ എന്ന വെബ്‌സൈറ്റ് പോസ്റ്റ് ചെയ്തിരുന്നു. ചെരുപ്പ് അഴിച്ച് വച്ചാണ് പലരും റോഡിലേക്ക് കയറിയിരുന്നത്. ഇതാണ് മോഡിയെ പുകഴ്ത്താന്‍ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉപയോഗിച്ചത്. ഓഗസ്റ്റില്‍ ട്വിറ്ററില്‍ ഈ ചിത്രം ഇന്തോനേഷ്യയിലേതെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മറ്റ് രാജ്യങ്ങളിലെ വികസന മാതൃകകളെ ഇന്ത്യയുടേതെന്ന പേരില്‍ ഷെയര്‍ ചെയ്യുന്നത് ഇത് ആദ്യമായല്ല. നേരത്തേ അഹമ്മദാബാദ് മേയര്‍ ബിജല്‍ പട്ടേല്‍ സീയൂളില്‍ നിന്നുള്ള ചിത്രം സബര്‍മതി തീരമെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു.

ഷാന്‍ഹായിയിലെ നന്‍പു പാലത്തിന്റെ ചിത്രം വാരണസിയിലെ റോഡുകളാണെന്നും വിയറ്റ്‌നാമിലെ പാലം റായിഗറിലേതാണെന്നുമുള്ള തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

Exit mobile version