രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു, മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരം

മുംബൈ: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡില്‍ വിറങ്ങലിച്ച് കഴിയുകയാണ് മഹാരാഷ്ട്ര. ദിനംപ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞദിവസം മാത്രം 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകള്‍ 1.01,141 ആയി ഉയര്‍ന്നു. 127 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 3717 ആയി ഉയര്‍ന്നു. 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടി.

ഇതില്‍ 1718 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ കോറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. ജനങ്ങളോട് സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version