ഗിര്‍വനത്തില്‍ സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചു, സന്തോഷം പങ്കുവെച്ച് മോഡി

അഹമ്മദാബാദ്: ഏഷ്യന്‍ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചതില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ ജനങ്ങള്‍ക്കും ഈ മികച്ച നേട്ടത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും മോഡി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ഗിര്‍ വനങ്ങളില്‍ സിംഹങ്ങളുടെ എണ്ണം 28.87 ശതമാനമായാണ് വര്‍ധിച്ചത്. അവയുടെ വിഹാര പാതയില്‍ 36 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

‘വളരെ നല്ല രണ്ട് വാര്‍ത്തകള്‍. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ താമസിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം ഏകദേശം 29% ഉയര്‍ന്നു. ഭൂമിശാസ്ത്രപരമായി, വിസ്തീര്‍ണ്ണം 36% ഉയര്‍ന്നു. ഗുജറാത്തിലെ ജനങ്ങള്‍ക്കും ഈ മികച്ച നേട്ടത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിനന്ദനം’ – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഗിര്‍ വനങ്ങളില്‍ 674 ഏഷ്യന്‍ സിംഹങ്ങളുണ്ട്. 30,000 ചതുരശ്ര കിലോമീറ്ററാണ് മൃഗ രാജാക്കന്‍മാരുടെ സാമ്രാജ്യം. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സിംഹങ്ങളുടെ കണക്കെടുപ്പ് നടക്കാറുണ്ട്. അതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. 2015ല്‍ 523 സിംഹങ്ങളുണ്ടായിരുന്നു.

ഇപ്പോള്‍ 151 എണ്ണത്തിന്റെ വര്‍ധനയാണ് കാണുന്നത്. പെണ്‍ സിംഹങ്ങളാണ് കൂടുതല്‍ 262. വളര്‍ച്ചയെത്തിയ ആണ്‍ സിംഹങ്ങള്‍ 159 എണ്ണമാണുള്ളത്. ഇരു വിഭാഗത്തിലെയും കൗമാരക്കാര്‍ 115ഉം കുഞ്ഞുങ്ങള്‍ 138ഉം എണ്ണമുണ്ട്. മുമ്പ് അഞ്ച് ജില്ലകളില്‍ 22,000 ചതുരശ്ര കിലോമീറ്ററിലായിരുന്നു ഇവരുടെ വിഹാരം. ഇപ്പോള്‍ സൗരാഷ്ട്രയിലെ ഒന്‍പത് ജില്ലകളില്‍ ഇവയുടെ സാന്നിധ്യമുണ്ട്.

Exit mobile version