നാളെ മുതല്‍ ഗോവയില്‍ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

പനാജി: നാളെ മുതല്‍ ഗോവയില്‍ എത്തുന്നവര്‍ക്ക് കോവിഡ് 19 ടെസ്റ്റ് ഇല്ല, പകരം
ഒരു നിബന്ധന മാത്രം, എത്തുന്ന സമയത്ത് യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഉണ്ടാകരുത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചതാണ് ഇക്കാര്യം.

കോവിഡ് പരിശോധനയ്ക്ക് വിധേയമാകാത്തവര്‍ 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലേക്ക് വരുന്ന ആളുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് നടപടികള്‍ എളുപ്പമാക്കുന്നതിന് ഗോവ സര്‍ക്കാര്‍ ഇത്തരമൊരു മാനദണ്ഡം കൊണ്ടുവന്നത്.

കോവിഡ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവര്‍ക്ക് കോവിഡ് 19 ടെസ്റ്റ് ഇല്ലാതെ ഗോവയിലേക്ക് പ്രവേശനം അനുവദിക്കും. ജൂണ്‍ 11 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതേസമയം, കോവിഡ് 19 ടെസ്റ്റില്‍ നിന്ന് ഒഴിവാകുന്നവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റീനില്‍ കഴിയേണ്ടതാണ്.

അതേസമയം, ഗോവയിലേക്ക് എത്തുമ്പോള്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാകുന്നവര്‍ പരിശോധനാഫലം വരുന്നതു വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആറില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും ലാബോറട്ടറി നല്‍കുന്ന കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ക്ക് ഹാജരാക്കാവുന്നതാണ്. പക്ഷേ, അവര്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ചെയ്ത പരിശോധനാഫലം ആയിരിക്കണം ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവരും തെര്‍മല്‍ സ്‌കാനര്‍ പരിശോധനയിലൂടെ വേണം കടന്നുപോകാന്‍. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഗോവയില്‍ ഇതുവരെ 359 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു.

Exit mobile version