വീട്ടിൽ അറിയിക്കാതെ രഹസ്യമായി വാലന്റൈൻസ്‌ഡേ ആഘോഷിക്കാൻ ഗോവയിലേക്ക് പോയി; കമിതാക്കൾ മുങ്ങിമരിച്ചു

പൻജിം: വീട്ടിൽ അറിയിക്കാതെ രഹസ്യമായി ഗോവയിൽ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ പോയ കമിതാക്കൾ കടലിൽ മുങ്ങിമരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ സുപ്രിയ ദുബെ (26), വിഭു ശർമ (27) എന്നിവരാണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഗോവ പാലോലം ബീച്ചിലായിരുന്നു സംഭവം.

ആദ്യം സുപ്രിയയുടെ മൃതദേഹം ബീച്ചിലടിഞ്ഞതോടെയാണ് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. ഇവരാണ് ലൈഫ് ഗാർഡിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചത്. പിന്നാലെ തന്നെ വിഭുവിന്റെ മൃതദേഹവും കണ്ടെത്തി.

തുടർന്ന് ഇരുവരെയും കൊങ്കൺ സോഷ്യൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം മുൻപ് തന്നെ സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.

സുപ്രിയയും വിഭുവും അവധിക്കാലം ആഘോഷിക്കാൻ ഗോവയിൽ എത്തിയതായിരുന്നു എന്നാണ് വിവരം. സുപ്രിയ ബംഗളൂരുവിലും വിഭു ഡൽഹിയിലുമാണ് ജോലി ചെയ്തിരുന്നതും താമസിച്ചിരുന്നതും.

ALSO READ- മദ്രാസ് ഐഐടിയിൽ വീണ്ടും മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരണം മറച്ചുവെച്ച് അധികൃതർ; വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥികൾ; മറ്റൊരു വിദ്യാർത്ഥി ചികിത്സയിൽ

ഇവർ ബന്ധുക്കളായിരുന്നുവെന്നും ഗോവയിലേക്ക് പോയതാണെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം ഇവരെ കണ്ടതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Exit mobile version