ജനങ്ങള്‍ക്ക് മുന്‍കൂട്ടി സമയം അനുവദിക്കാതെ ലോക്ക് ഡൗണ്‍ നടപ്പിലാക്കി, എന്നിട്ടും കേസുകള്‍ ഉയരുന്നു; കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പൂര്‍ണ പരാജയമാണെന്ന് അരുന്ധതി റോയ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷവും കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നത് ചൂണ്ടിക്കാട്ടിയാണ് അരുന്ധതി റോയ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിസ്ഥിതി തകരുകയും വൈറസ് വ്യാപനം വര്‍ധിക്കുകയുമാണ് ചെയ്തത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷവും പോസിറ്റീവ് കേസുകള്‍ ഇന്ത്യയിലേത് പോലെ മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത് തന്നെ വിമാനത്താവളങ്ങള്‍ അടച്ചിടേണ്ടതായിരുന്നുവെന്നും എന്നാല്‍ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷവും ഇവിടെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അരുന്ധതി റോയ് വ്യക്തമാക്കി.

നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങള്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയതായും ജനങ്ങള്‍ക്ക് മുന്‍കൂട്ടി സമയം അനുവദിക്കാതെ നടപ്പിലാക്കിയ ഈ ലോക്ക് ഡൗണ്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിക്ഷാര്‍ഹമായ നടപടിയായിരുന്നുവെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

Exit mobile version