‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’: മഹാരാഷ്ട്രയില്‍ ജൂണ്‍ 3 മുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കും; അണ്‍ലോക്ക് ഒന്നാംഘട്ടം നിര്‍ദ്ദേശങ്ങളിങ്ങനെ

മുംബൈ: അണ്‍ലോക്ക് ഒന്നാം ഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന പദ്ധതി ‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്നാണ് വിളിക്കുന്നത്.

മിഷന്‍ ബിഗിന്‍ എഗെയ്ന്റെ ഒന്നാം ഘട്ടത്തില്‍ ജൂണ്‍ 3 മുതല്‍ സൈക്ലിംഗ്, ജോഗിംഗ്, ബീച്ചുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, തുടങ്ങിയ പൊതുഇടങ്ങളില്‍ ആളുകളെ അനുവദിക്കും. രാവിലെ 5 മുതല്‍ വൈകുന്നേരം 7 വരെയാണ് ആളുകളെ അനുവദിക്കുക.

ആദ്യ ഘട്ടത്തില്‍ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കില്ല. കൂടാതെ കുട്ടികള്‍ക്കൊപ്പം ഒരു മുതിര്‍ന്ന വ്യക്തിയും ഉണ്ടായിരിക്കണം. ഇലക്ട്രീഷ്യന്‍മാര്‍, കീടനിയന്ത്രണം, സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് കൊണ്ട് ജോലികള്‍ പുനരാരംഭിക്കാന്‍ സാധിക്കും.

ജൂണ്‍ 3 മുതല്‍ 15 ശതമാനം ജീവനക്കാരെ അനുവദിച്ചുകൊണ്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വീണ്ടും തുറക്കും. രണ്ടാം ഘട്ടത്തില്‍ ജൂണ്‍ 5 മുതല്‍ മാളുകളും മാര്‍ക്കറ്റ് കോംപ്ലക്സുകളും ഒഴികെയുള്ള എല്ലാ വിപണികളും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വീണ്ടും തുറക്കാന്‍ അനുവദിക്കും. എന്നാല്‍ കടകളിലെ ട്രയല്‍ റൂമുകള്‍ അനുവദിക്കില്ല. ഷോപ്പിംഗിനായി സൈക്കിള്‍ ഉപയോഗിക്കാനോ നടക്കാനോ ആളുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

അവശ്യമല്ലാത്ത ദീര്‍ഘദൂര യാത്ര അനുവദിക്കില്ല. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അവശ്യ സേവനങ്ങള്‍ക്കായി മാത്രമേ ഓടാന്‍ പാടുള്ളൂ. ഡ്രൈവറും പരമാവധി രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളൂ. ജൂണ്‍ 8 മുതലുള്ള മൂന്നാം ഘട്ടത്തില്‍ എല്ലാ സ്വകാര്യ ഓഫീസുകളിലും 10 ശതമാനം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനവദിക്കും. എന്നാല്‍ ഈ ഇളവുകളൊന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ല.

സ്‌കൂളുകള്‍, കോളേജുകള്‍, പരിശീലന സ്ഥാപനങ്ങള്‍, മെട്രോ റെയില്‍, സിനിമാ ഹാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, തീയറ്ററുകള്‍, ഓഡിറ്റോറിയം, വലിയ യോഗങ്ങള്‍, സ്പാകള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നീ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ല.

Exit mobile version