ലോക്ക്ഡൗണിൽ ജനങ്ങളുടെ നട്ടെല്ലൊടിയും; ഇന്ധന വില നാലു മുതൽ അഞ്ചു രൂപ വരെ വർധിച്ചേക്കും; കാരണമിതാണ്

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗണിനിടെ ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവിലയും വർധിച്ചേക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതൽ അഞ്ചുരൂപവരെ വർധിച്ചേക്കും. ലോക്ക്ഡൗൺ ജൂൺ ഒന്നോടെ നീക്കുമ്പോൾ ദിനംപ്രതിയുള്ള വിലപുതുക്കൽ പുനഃരാരംഭിക്കുന്നതോടെയാണ് ഒറ്റയടിക്ക് എണ്ണവിലയിൽ കുതിപ്പുണ്ടാകുക. അസംസ്‌കൃത എണ്ണവിലയിൽ കഴിഞ്ഞമാസത്തേക്കാൾ 50ശതമാനത്തിലധികം വിലവർധനവാണ് ഉണ്ടായിട്ടുള്ളത്.

അസംസ്‌കൃത എണ്ണ ബാരലിന് 30 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വിലകൂടുന്ന പ്രവണത തുടർന്നാൽ എണ്ണക്കമ്പനികൾക്ക് വൻബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടച്ചിടൽമൂലം വിൽപ്പനയിൽ വൻതോതിൽ കുറവു വന്നതും കമ്പനികളെ ബാധിച്ചിട്ടുണ്ട്.

നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചു രൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ എണ്ണവില ഇതേരീതിയിൽ തുടർന്നാൽ പ്രതിദിനം 40-50 പൈസവീതം വർധിപ്പിച്ച് രണ്ടാഴ്ചകൊണ്ട് നഷ്ടം നികത്താനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചില്ലറ വ്യാപാരികളുമായി പൊതുമേഖല എണ്ണവിപണന കമ്പനികളുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു.

ജൂൺ മുതൽ ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേയ്ക്ക് കടന്നാലും ഇളവുകൾ അനുവദിക്കുന്നതിനാൽ വിലവർധിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന.

Exit mobile version