ഹിമാലയ പര്‍വ്വതനിരകളില്‍ കടുവകളുടെ സാന്നിധ്യം കണ്ടെത്തി

രണ്ട് വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവില്‍ ഹിമാലയ പര്‍വ്വതകളില്‍ 3600 മീറ്റര്‍ ഉയരത്തില്‍ വരെ കടുവകള്‍ എത്തിയിട്ടുണ്ടെന്ന കാര്യമാണ് ഗവേഷകര്‍ സ്ഥിരീകരിച്ചത്.

കൊല്‍ക്കത്ത: ഹിമാലയത്തില്‍ കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍. ഹിമാലയന്‍ പര്‍വ്വതനിരകളുടെ കിഴക്കന്‍ ഭാഗത്തായാണ് കടുവകളുടെ സാന്നിധ്യം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവില്‍ ഹിമാലയ പര്‍വ്വതകളില്‍ 3600 മീറ്റര്‍ ഉയരത്തില്‍ വരെ കടുവകള്‍ എത്തിയിട്ടുണ്ടെന്ന കാര്യമാണ് ഗവേഷകര്‍ സ്ഥിരീകരിച്ചത്. ഹിമാലയത്തില്‍ കടുവകളുണ്ടെന്നും അവയെ പലരും കണ്ടുവെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ശാസ്ത്രീയപഠനത്തിനൊടുവില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

2015 മുതല്‍ 2017 വരെയുള്ള രണ്ട് വര്‍ഷത്തില്‍ നടത്തിയ ഗവേഷണത്തിനൊടുവില്‍ പതിനൊന്നോളം കടുവകളെ മേഖലയില്‍ കണ്ടെത്താനായെന്ന് ഇതു സംബന്ധിച്ച പഠനം നടത്തിയ ശാസ്ത്രജ്ഞന്‍ ജി വി ഗോപി പറഞ്ഞു. കിഴക്കന്‍ ഹിമാലയത്തിലെ അതീവലോല പ്രദേശമായ മിഷ്മി ഹില്‍സിലെ കടുവയുടെ ചിത്രം സഹിതമാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3630 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം.

2017 ജനുവരിയിലൊരു ദിവസം മഞ്ഞുമൂടികിടന്ന മലനിരകളിലൂടെ കടുവ നടന്നു നീങ്ങുന്ന ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി ആകെ 108 ക്യാമറകളാണ് അരുണാചല്‍ പ്രദേശിലെ ഹിമാലയ നിരകളിലായി സ്ഥാപിച്ചത്. ദിബാംഗ് ദേശീയോദ്യാനത്തിലടക്കം കടുവകളെ കണ്ടെത്തിയെങ്കിലും ഈ പ്രദേശങ്ങളൊന്നും ടൈഗര്‍ റിസര്‍വ് മേഖലയല്ല.

അരുണാചല്‍ പ്രദേശിന് പടിഞ്ഞാറ് ഭാഗത്ത് ഭൂട്ടാനില്‍ 4200 മീറ്റര്‍ ഉയരത്തില്‍ വരെ കടുവകളെ കണ്ടെത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഇതേ ഉയരത്തില്‍ ഹിമാലയത്തിലും കടുവകളെ കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പാണെന്ന് ജി വി ഗോപി പറയുന്നു. 2012-ല്‍ ദിബാംഗ് ദേശീയോദ്യാനത്തില്‍ രണ്ട് കടുവക്കുട്ടികളെ കണ്ടെത്തിയതോടെയാണ് ഹിമാലയമലനിരകളില്‍ കടുവകളുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഇതേ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും ചേര്‍ന്ന് മുഴുവന്‍ സമയ പഠനം ആരംഭിക്കുകയായിരുന്നു.

4149 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ദിബാംഗ് ദേശീയോദ്യാനത്തിലെ 336 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് മാത്രമാണ് ഗവേഷണവും പഠനവും നടത്തിയത്. ഈ മേഖലയില്‍ തന്നെ പതിനൊന്നോളം കടുവകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

Exit mobile version