വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ; നിപ്പയും കൊവിഡും ഭയന്ന് പ്രദേശവാസികൾ

ലഖ്‌നൗ: ഗൊരഖ്പുരിലെ ബെൽഘട്ടിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊവിഡ്, നിപ്പാ പോലുള്ള രോഗങ്ങൾ പരത്തുന്നതിൽ വവ്വാലുകൾ പങ്കുണ്ടെന്ന സംശയം നിലനിൽക്കെ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് പ്രദേശവാസികളെ ആശങ്കാകുലരാക്കാൻ കാരണം. എന്നാൽ അമിത ചൂട് മൂലം വവ്വാലുകൾ ചത്തുപോയതാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആർഐ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പൂന്തോട്ടത്തിൽ ധാരാളം വവ്വാലുകൾ ചത്തു കിടക്കുന്നതു കണ്ടു, ഞങ്ങൾ വനംവകുപ്പിനെ അറിയിച്ചു, അവർ ചത്ത വവ്വാലുകളെ എടുത്ത് പരിശോധിച്ചു. കടുത്ത ചൂട് കാരണമായിരിക്കാം ചത്തതെന്നും അതിനാൽ അവയ്ക്ക് കുടിക്കാൻ വെള്ളം സൂക്ഷിക്കാനും ആവശ്യപ്പെട്ടന്ന് ബെൽഘട്ടിലെ പങ്കജ് ഷാഹി പറഞ്ഞു.

വിവരം ലഭിച്ചശേഷം ഖജ്‌നി ഫോറസ്റ്റ് റേഞ്ചർ ദേവേന്ദ്ര കുമാർ സ്ഥലത്തെത്തി. കനത്ത ചൂടിൽ പ്രദേശത്തെ കുളങ്ങളും തടാകങ്ങളും വറ്റിപ്പോയതിനാലാവാം ഇവ ചത്തതെന്നും വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉത്തരേന്ത്യയിൽ തീവ്ര ഉഷ്ണ തരംഗമാണ് ഇപ്പോൾ.

Exit mobile version