മോഡിയ്ക്കായി ക്ഷേത്രം പണിയാനൊരുങ്ങി ബിജെപി എംഎല്‍എ; ലോക്ഡൗണിന് ശേഷം നിര്‍മ്മാണം ആരംഭിക്കും

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കായി ക്ഷേത്രം പണിയുമെന്ന് ബിജെപി എംഎല്‍എ. ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ഗണേഷ് ജോഷിയാണ് വ്യത്യസ്ത പ്രഖ്യാപനവുമായെത്തിയത്. മുസ്സൂരി നിയോജക മണ്ഡലത്തിലെ നിയമസഭാംഗമാണ് ഇദ്ദേഹം.

മോഡി പ്രാര്‍ഥന പുറത്തിറക്കിയതിന് പിന്നാലെയാണ് മോഡിക്ക് വേണ്ടി ക്ഷേത്രം പണിതുയര്‍ത്താനുള്ള എംഎല്‍എയുടെ നീക്കം. ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ മോഡി വിഗ്രഹം വെച്ചുകൊണ്ടുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങുമെന്ന് ഗണേഷ് ജോഷി പറഞ്ഞു.

”എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വളരെ ബഹുമാനമുണ്ട്. അദ്ദേഹം നമ്മുടെ രാഷ്്ട്രത്തിന്റെ നേതാവ് മാത്രമല്ല, ലോക നേതാവ് കൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പോലും അദ്ദേഹത്തോട് ഭയഭക്തി ബഹുമാനമാണ്. മോഡി പ്രാര്‍ഥന പുറത്തിറക്കിയതില്‍ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ലോക് ഡൗണിന് ശേഷം ഉടന്‍ തന്നെ അദ്ദേഹത്തിന്റെ വിഗ്രഹത്തോടു കൂടി ഒരു ക്ഷേത്രം പണിതുയര്‍ത്തും” -ഗണേഷ് ജോഷി പറഞ്ഞു.

മോഡി ദിവസത്തില്‍ 18 മണിക്കൂര്‍ ജോലി ചെയ്യുന്നു. ചില ദൈവീക ശക്തി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും. അദ്ദേഹത്തിന് വേണ്ടി ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള എന്റെ പ്രവര്‍ത്തനം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണെന്നും ഗണേഷ് ജോഷി കൂട്ടിച്ചേര്‍ത്തു.

തന്റെ വീട്ടിലെ പൂജ മുറിയില്‍ ദൈവങ്ങളുടെ ചിത്രത്തിനടുത്ത് മോഡിയുടെ ചിത്രവും വെച്ചിട്ടുണ്ടെന്നും പ്രാര്‍ഥനക്ക് ശേഷം അദ്ദേഹത്തിനും താന്‍ ആദരവ് അര്‍പ്പിക്കാറുണ്ടെന്നും എം.എല്‍.എ പറഞ്ഞു. മോദി കേവലം പാര്‍ട്ടി ഓഫീസ് കൈകാര്യം ചെയ്യുന്ന വ്യക്തി മാത്രമായിരുന്ന 1999 മുതല്‍ തന്നെ തന്റെ ഓഫീസില്‍ മോദിയുടെ ചിത്രം വെച്ചിരുന്നുവെന്നും ഗണേഷ് ജോഷി കൂട്ടിച്ചേര്‍ത്തു.

കടുത്ത മോഡി ഭക്തന്‍ കൂടിയായ ഗണേഷ് ജോഷി കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് പോരാളികള്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ മോഡി പ്രാര്‍ഥന പുറത്തിറക്കിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു മോഡി പ്രാര്‍ഥന പുറത്തിറക്കിയത്.

Exit mobile version