കേരളത്തില്‍ മരണം പത്തില്‍ താഴെ മാത്രം, മഹാരാഷ്ട്രയില്‍ ആയിരം കടന്നു: ഉയരുന്ന മരണനിരക്ക് സര്‍ക്കാരിന്റെ ഭരണപരാജയം, കേരളാമാതൃക ചൂണ്ടിക്കാട്ടി ശിവസേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശിവസേന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കോവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ ഉദ്ധരിച്ചാണ് ബിജെപിയുടെ വിമര്‍ശനം.

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ 37,136 ഉം മരണം 1325 ഉം ആയ ഘട്ടത്തിലാണ് ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

മുംബൈയിലെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ആരോപിച്ചു. ദരിദ്രര്‍ക്കും മറ്റും പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘മാര്‍ച്ച് ഒമ്പതിനാണ് മഹരാഷ്ട്രയില്‍ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ കേരളത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. 70 ദിവസം പിന്നിട്ടിട്ടും കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല. മരണമാണെങ്കില്‍ പത്തില്‍ താഴെയും’ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്രയില്‍ മരണം 1300 കടന്നു. ഇത് താക്കറെ സര്‍ക്കാരിന്റെ ഭരണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് എല്ലാം മറന്ന് ജനങ്ങളെല്ലാവരും സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ രോഷം തടയാന്‍ സാധിക്കില്ലെന്നും ബിജെപിക്കും ഇതേ നിലപാട് സ്വീകരിക്കാന്‍ ബാധ്യതയുണ്ടെന്നും പാട്ടീല്‍ വ്യക്തമാക്കി.

Exit mobile version