മഹാരാഷ്ട്രയില്‍ മാത്രം 35000ത്തില്‍ അധികം കൊറോണ ബാധിതര്‍, 1,249 മരണം, രാജ്യം ആശങ്കയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയയ്യാരം കവിഞ്ഞു. സംസ്ഥാനത്തെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 35,058 ആയി. 1,249 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നത് രാജ്യം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

24 മണിക്കൂറിനിടെ 2,033 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 51 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 25,392 പേരാണ്. മുംബൈയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം മാത്രം മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത് 1,185 പേര്‍ക്കാണ്.

23 പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 21,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 757 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുള്ളതായും ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കാത്തതിന് കാരണം കൊറോണ വൈറസ് കേസുകളിലെ വര്‍ധനയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു.

ഇളവുകള്‍ നല്‍കാതെ ഗ്രീന്‍ സോണുകളെ അങ്ങനെ തന്നെ നിലനിര്‍ത്തുന്നത് വെല്ലുവിളിയാണ്. ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്നും അമ്പതിനായിരത്തോളം വ്യവസായ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version