‘എന്റേത് കൗശല്‍ ഗോത്രം; നെറ്റിയിലെ സിന്ദൂരം ഹിന്ദുത്വത്തിന്റെ അടയാളം’; വൈറലായി സ്മൃതി ഇറാനിയുടെ ട്വീറ്റ്

വീണ്ടും രാഷ്ട്രീയക്കാരുടെ ഗോത്രവും കുടുംബമഹിമയുമെല്ലാം വാര്‍ത്തയില്‍ ഇടംപിടിക്കുകയാണ്.

ന്യൂഡല്‍ഹി: വീണ്ടും രാഷ്ട്രീയക്കാരുടെ ഗോത്രവും കുടുംബമഹിമയുമെല്ലാം വാര്‍ത്തയില്‍ ഇടംപിടിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ ഗോത്രം രാജസ്ഥാനിലെ പുഷ്‌കര്‍ ക്ഷേത്രത്തിലെ പൂജാരി അറിയിച്ചതിനു പിന്നാലെ സ്വന്തം ഗോത്രത്തെ കുറിച്ച് വെളിപ്പെടുത്തി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുകയാണ്. തന്റെയും കുടുംബത്തിന്റെയും ഗോത്രത്തെപ്പറ്റിയും നെറ്റിയിലെ സിന്ദൂരത്തെപ്പറ്റിയും ചോദ്യവുമായെത്തിയ ആളിന് മറുപടി നല്‍കിയാണ് മന്ത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

തന്റെ നെറ്റിയിലെ സിന്ദൂരപ്പൊട്ട് തന്റെ ഹിന്ദുത്വത്തിന്റെ അടയാളമാണെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ബുധനാഴ്ച ട്വിറ്ററിലാണ് ഒരാള്‍ സ്മൃതിയുടെയും ഭര്‍ത്താവിന്റെയും കുട്ടികളുടെയും ഗോത്രത്തെപ്പറ്റി ട്വിറ്ററില്‍ ചോദ്യവുമായെത്തിയത്. മന്ത്രിയുടെ നെറ്റിയിലെ സിന്ദൂരപ്പൊട്ട് മതവിശ്വാസത്തിന്റെ ഭാഗമാണോ അതോ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റാണോ എന്നായിരുന്നു ചോദ്യം. ഇതില്‍ പ്രകോപിതയായാണ് സ്മൃതി ഇറാനി മറുപടി ട്വീറ്റ് നടത്തിയത്.

‘എന്റേത് കൗശല്‍ ഗോത്രമാണ്. എന്റെ പിതാവിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റ!!െയും പൂര്‍വപിതാക്കന്മാരുടെയും ഗോത്രവും അതുതന്നെയാണ്. എന്റെ ഭര്‍ത്താവും കുട്ടികളും സൗരാഷ്ട്രിയന്‍മാരാണ്. അതുകൊണ്ട് അവര്‍ക്ക് ഗോത്രമില്ല. ഞാന്‍ അണിയുന്ന സിന്ദൂരം ഒരു ഹിന്ദു എന്ന നിലയിലുള്ള എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്.’ എന്നായിരുന്നു സ്മൃതിയുടെ മറുപടി. താന്‍ ഒരു പൊതുപ്രവര്‍ത്തകയാണെന്നും അതുകൊണ്ടുതന്നെ തന്നോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അതിനാലാണ് മറുപടി പറഞ്ഞതെന്നും സ്മൃതി ഇറാനി പിന്നീട് വിശദീകരിക്കുകയും ചെയ്തു. മന്ത്രിയുടെ ഉത്തരത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണമാണു ലഭിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോത്രം സംബന്ധിച്ച വാദങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. രാഹുല്‍ ദത്താത്രേയ ഗോത്രത്തില്‍പ്പെട്ടതാണെന്നു രാജസ്ഥാനിലെ പുഷ്‌കര്‍ ക്ഷേത്രത്തിലെ പൂജാരിയാണ് പറഞ്ഞത്.

Exit mobile version