ക്ഷേത്രങ്ങളെ ഫാക്ടറികളേപ്പോലെയാണ് ലോക്ക്ഡൗണ്‍ കാലത്ത് കൈകാര്യം ചെയ്യുന്നത്, ദേവന്മാരുടെ കോപമായിരിക്കാം ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നത്, കൊറോണയെ ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് പുരോഹിതരുടെ സംഘടന

ന്യൂഡല്‍ഹി: അമ്പലങ്ങളും തീര്‍ഥടന കേന്ദ്രങ്ങളും തുറക്കണമെന്ന് പുരോഗിതരുടെ ദേശീയ സംഘടന. കൊറോണ വൈറസ് അസുരനാണെന്നും അതിനെ ഇല്ലാതാക്കാന്‍ ദൈവീക ശക്തികള്‍ക്കു മാത്രമേ കഴിയുകയുള്ളൂവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

കൊറോണക്കെതിരായ പോരാട്ടം സഹായിക്കുന്നതിന് അമ്പലങ്ങളും തീര്‍ഥടന കേന്ദ്രങ്ങളും തുറക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കി സംഘടന പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. അഖില ഭാരതീയ തീര്‍ഥ പുരോഹിത് മഹാസഭ എന്ന സംഘടനയാണ് പ്രധാനമന്ത്രിക്ക് കത്ത് നല്കിയത്.

കൊറോണ വൈറസിന് ഒരു അപകടവും ഉണ്ടാക്കാന്‍ കഴിയാതിരിക്കണമെങ്കില്‍ എല്ലാ അമ്പലങ്ങളും പുണ്യസ്ഥലങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളും തുറക്കണം. കൊറോണ വൈറസ് അസുരനാണ്. അതിനെ ഇല്ലാതാക്കാന്‍ ദൈവീക ശക്തികള്‍ക്കു മാത്രമേ കഴിയുകയുള്ളൂവെന്നും കത്തില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങള്‍ അടച്ചത് പുരോഹിതര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള് ഉണ്ടാക്കിയിട്ടുണ്ടെന്നും പുരോഹിതര്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നല്കിയിട്ടുണ്ട്.

ക്ഷേത്രങ്ങളെ ഫാക്ടറികളേപ്പോലെയാണ് ലോക്ക്ഡൗണ്‍ കാലത്ത് കൈകാര്യം ചെയ്തതെന്നും ദേവന്മാരുടെ കോപമായിരിക്കാം ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും സംഘടനയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു. ക്ഷേത്രങ്ങള്‍ അടച്ചതോടെ ദേവന്മാരും വിശ്വാസികളും തമ്മിലുള്ള അകലം വര്‍ധിച്ചുവെന്നും വീടുകളില്‍ വെച്ച് നടത്തുന്ന പ്രാര്‍ഥനകളിലൂടെ അകലം ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version