തൊഴിലില്ലായ്മ പരിഹരിക്കാൻ യുവാക്കൾക്ക് മൂന്ന് വർഷത്തെ സൈനിക സേവനത്തിന് അവസരം; ടൂർ ഓഫ് ഡ്യൂട്ടി നടപ്പാക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡും ലോക്ക്ഡൗണും കാരണം സംഭവിച്ച തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി സൈന്യത്തിൽ ഹ്രസ്വകാല സർവീസിന് യുവാക്കൾക്ക് അവസരം നൽകിയേക്കും. തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ യുവാക്കൾക്ക് മൂന്നു വർഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശുപാർശയുമായി സൈന്യം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ യുവാക്കൾക്ക് ഹ്രസ്വകാല സർവീസിന് അവസരമൊരുക്കുന്നതിലൂടെ സൈന്യത്തിലെ ഒഴിവുകൾ നികത്താൻ സാധിക്കുമെന്നും കരസേന വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദ ഇന്ത്യൻ എക്‌സ്പ്രസാണ് കരസേന മുന്നോട്ടുവെക്കുന്ന ‘ ടൂർ ഓഫ് ഡ്യൂട്ടി’ എന്ന പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

സൈനിക സേവനം തൊഴിലായി നിലനിർത്താൻ ആഗ്രഹിക്കാത്തവരും എന്നാൽ വളണ്ടിയറായി സൈന്യത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും വേണ്ടിയാണ് ഈ പദ്ധതി. ടൂർ ഓഫ് ഡ്യൂട്ടി യുവാക്കൾക്കുള്ള നിർബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങൾ വിശദീകരിക്കുന്നു.

നിലവിൽ സൈനികരെ തെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ 100 ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കുമെന്നാണ് സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്.

സൈനിക സേവനത്തിന്റെ രീതികളിലുള്ള നിബന്ധനകളിലും ഇളവനുവദിക്കില്ല. ഈ മൂന്നുവർഷത്തെ കാലയളവിൽ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം. ഈ മൂന്നുവർഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നവർ, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകൾക്ക് ശ്രമിക്കുന്നവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും സൈന്യം കേന്ദ്രസർക്കാറിന് സമർപ്പിച്ച നിർദേശങ്ങളിൽ ആവശ്യപ്പെടുന്നു. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾക്ക് ടൂർ ഓഫ് ഡ്യൂട്ടി നിർബന്ധമാക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നു.

നിലവിൽ സൈനികർ തങ്ങളുടെ 30ാം വയസിൽ ഇവർ വിരമിക്കുമ്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം വലിയൊരു തുകയാണ് പ്രതിരോധ മന്ത്രാലയം ഇവർക്കായി ചെലവിടുന്നത്. പരിശീലനം നൽകുന്നതിന് ഉൾപ്പെടെ അഞ്ചുകോടി മുതൽ 6.8 കോടി രൂപവരെയാണ് ഈ കാലയളവിൽ സൈനികനുവേണ്ടി രാജ്യം ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. മൂന്നുവർഷത്തെ ടൂർ ഓഫ് ഡ്യൂട്ടി ആകുമ്പോൾ ചെലവ് 80 മുതൽ 85 ലക്ഷം വരെ മാത്രമേ ആകുകയുള്ളുവെന്നാണ് കണക്കുകൂട്ടൽ.

Exit mobile version