പട്ടിണി കിടക്കാന്‍ വയ്യ; കമ്പുകെട്ടി ഉന്തുവണ്ടിയുണ്ടാക്കി, ഗര്‍ഭിണിയായ ഭാര്യയെയും മകളെയും വലിച്ച് ഈ തൊഴിലാളി നടന്നത് 700 കി.മീ

ഭോപ്പാല്‍: ലോക്ക് ഡൗണില്‍ പട്ടിണി കിടക്കാന്‍ ആവില്ല, കുടുംബത്തെ കാണണം എന്ന് പറഞ്ഞുകൊണ്ടുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുകയാണ്. ഇപ്പോള്‍ ഭോപ്പാലില്‍ നിന്നുള്ള കാഴ്ചയാണ് അമ്പരപ്പിക്കുന്നത്. അങ്ങനെയാണ് യുവ കുടിയേറ്റ തൊഴിലാളി രാമു ഗര്‍ഭിണിയായ ഭാര്യയെയും കൈക്കുഞ്ഞിനെയും ഉന്തുവണ്ടിയില്‍ ഇരുത്തി വലിച്ച് കൊണ്ടുപോവുകയായിരുന്നു. ഹൈദരാബാദില്‍ നിന്ന് മധ്യപ്രദേശിലെ തങ്ങളുടെ ഗ്രാമത്തിലേക്കായിരുന്നു ഇവരുടെ യാത്ര. ലോക്ക് ഡൗണ്‍ ആയതിനാല്‍, യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് ഒരു ബസ്സോ ട്രക്കോ കണ്ടെത്താനായില്ല.

ഈ സാഹചര്യത്തിലാണ് കമ്പുകൊണ്ട് ഉന്തുവണ്ടി ഉണ്ടാക്കി മകളെയും ഗര്‍ഭിണിയായ ഭാര്യയെയും അതില്‍ ഇരുത്തി ദാമു 700 കിലോമീറ്റര്‍ ദൂരം താണ്ടുകയായിരുന്നു. ചക്രവും തടിക്കഷണവും ഉപയോഗിച്ച് രാമു തന്നെയാണ് ഈ ഉന്തുവണ്ടിയുണ്ടാക്കിയത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി നിറഞ്ഞിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച അവര്‍ വീടെത്തിയ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ച ബാല്‍ഘട്ട് ജില്ലയിലെ അവരുടെ ഗ്രാമത്തില്‍ രാമുവും കുടുംബവുമെത്തി.

‘ഞാന്‍ ആദ്യം എന്റെ മകളെ ചുമന്ന് നടക്കാന്‍ ശ്രമിച്ചു. പക്ഷേ, ഗര്‍ഭിണിയായ ഭാര്യയോടൊപ്പം കാല്‍നടയായി നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വഴിയിലെ കുറ്റിക്കാടില്‍ നിന്ന് കണ്ടെത്തിയ മരവും വിറകും ഉപയോഗിച്ച് ഞാന്‍ ഒരു താത്ക്കാലിക വണ്ടി നിര്‍മ്മിച്ചു. അങ്ങനെ ബാല്‍ഘട്ടുവരെ വണ്ടിയുന്തിയാണ് വന്നത്’, സ്വന്തം ഗ്രാമത്തിലെത്താന്‍ ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം നടന്ന രാമു പറയുന്നു.

മഹാരാഷ്ട്രയിലൂടെ കടന്നപ്പോള്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂവര്‍ക്കും ബിസ്‌കറ്റും ഭക്ഷണവും നല്‍കി. രാമുവിന്റെ കുഞ്ഞു മകള്‍ക്ക് പുതിയ ചെരുപ്പും കൊടുത്തു. ”ഞങ്ങള്‍ പിന്നീട് കുടുംബത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി ഒരു വാഹനത്തില്‍ ബാല്‍ഘട്ടിലുള്ള അവരുടെ ഗ്രാമത്തിലേക്ക് അയച്ചു, അവിടെ അവര്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ താമസിക്കും,” ഭാര്‍ഗവ പറഞ്ഞു.

Exit mobile version