‘മുജ്‌കോ സിര്‍ഫ് ഹിന്ദി ബി മാലും, ആപ്കാ പഴ്‌സ് മേരാ പാസ് ഹേ’: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി അതിഥിത്തൊഴിലാളി

പെരുങ്കുറ്റി: അതിഥിത്തൊഴിലാളിയായ ഗൗരവിന്റെ നന്മ മനസ്സ് പെരുങ്കുറ്റി കുഞ്ചിറക്കാട്ട് അഭിജിത് വാസുദേവന് വിളിച്ചുനല്‍കിയത് ഒരിക്കലും തിരികെ കിട്ടില്ലെന്ന് വിചാരിച്ച വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പഴ്‌സാണ്.

21-ന് വൈകീട്ട് തൃശ്ശൂരില്‍ നിന്ന് തൊടുപുഴയ്ക്കുള്ള പാലാ ഡിപ്പോയുടെ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അഭിജിത്തിന് പഴ്‌സും എടിഎം കാര്‍ഡ് അടക്കമുള്ള രേഖകളും നഷ്ടമാകുന്നത്.

അഭിജിത് മൂവാറ്റുപുഴയില്‍ യാത്ര അവസാനിപ്പിച്ചു. വീട്ടിലെത്തി ബാഗ് എടുത്തപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ വിളിച്ച് അന്വേഷിച്ചെങ്കിലും കിട്ടിയില്ലെന്ന് കണ്ടക്ടര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിയന്‍ നേതാവായ പ്രശാന്ത് വേലിക്കകം വഴി അന്വേഷിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.

22-ന് രാവിലെ അക്ഷയകേന്ദ്രത്തില്‍ പോയി അഭിജിത് ആധാര്‍, പാന്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ തുടങ്ങിയ കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ നല്‍കുവാനുള്ള ശ്രമം തുടങ്ങി. എടിഎം കാര്‍ഡ് ഓണ്‍ലൈനായി ബ്ലോക്കുചെയ്ത് പുതിയ കാര്‍ഡിന് അപേക്ഷയും നല്‍കി.

Read Also: എലിയ്ക്ക് പോലീസിനെ പേടിയില്ല! ‘581 കിലോ കഞ്ചാവ് എലി തിന്നെന്ന് യുപി പോലീസ് കോടതിയില്‍; എലി തിന്നതിന് തെളിവ് ഹാജരാക്കണമെന്ന് കോടതി

വിവിധ ആശുപത്രികളുടെ അഡ്മിഷന്‍ കാര്‍ഡ്, ഹെല്‍ത്ത് ഐഡി കാര്‍ഡ് തുടങ്ങിയവയും ഉണ്ടായിരുന്നു. ഡ്യൂപ്ലിക്കേറ്റ് എടുക്കാന്‍ വിഷമമുള്ള ചില രേഖകളും നഷ്ടപ്പെട്ട പഴ്‌സില്‍ ഉണ്ടായിരുന്നു.

അപ്പോഴാണ് അഭിജിത്തിന് ആശ്വാസം പകര്‍ന്ന് ഹിന്ദിയിലുള്ള ആ കോള്‍ എത്തിയത്. ‘മിസ്റ്റര്‍ അഭിജിത് കെ.വി., മുജ്‌കോ സിര്‍ഫ് ഹിന്ദി ബി മാലും, മേം പെരുമ്പാവൂര്‍ സേ കോള്‍ കരേഗ, ആപ്കാ പഴ്‌സ് മേരാ പാസ് ഹേ, കെ.എസ്.ആര്‍.ടി.സി. ബസ് മേം പ്രാപ്ത് ഹേ.’ ഇതായിരുന്നു ഗൗരവിന്റെ സംസാരം.

ഗൗരവ് തൃശ്ശൂരില്‍ നിന്ന് കയറി അഭിജിത്ത് യാത്ര ചെയ്ത സീറ്റില്‍ തന്നെയാണ് ഇരുന്നത്. വെള്ളക്കുപ്പി എടുക്കാന്‍ കുനിഞ്ഞപ്പോഴാണ് ഗൗരവിന് ബസില്‍നിന്ന് പഴ്‌സ് ലഭിച്ചത്. ഹെല്‍ത്ത് കാര്‍ഡില്‍ അഭിജിത്തിന്റെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. അങ്ങനെയാണ് വിളിക്കുന്നത്. ഗൗരവ് വാട്‌സ്ആപ്പില്‍ ലൊക്കേഷന്‍ അയച്ചുകൊടുത്തു.

കോതമംഗലം പാണിയേലി പോരിന് സമീപമാണ് ഗൗരവ് താമസിക്കുന്നത്. പഴ്‌സ് തിരികെ ലഭിച്ചപ്പോള്‍ സന്തോഷ സൂചകമായി അഭിജിത് നല്‍കിയ സമ്മാനം പോലും സ്വീകരിക്കാന്‍ ഗൗരവ് സ്വീകരിച്ചില്ല. ‘ജീവിക്കാന്‍ വേണ്ടിയാണ് ഈ നാട്ടില്‍ എത്തിയത്. പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്. നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട’, ഇത്രമാത്രം പറഞ്ഞു.

Exit mobile version