അതിഥി തൊഴിലാളി യുവതി വീട്ടില്‍ പ്രസവിച്ചു: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊല്ലം: വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിയുടെയും നവജാത ശിശുവിന്റയും ജീവന്‍ രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബിഹാര്‍ സ്വദേശിയും കൊല്ലം തൃക്കണ്ണമംഗല്‍ വൈരമണ്‍കാവ് അജിത്ത് നിലയത്തില്‍ താമസവുമായ ജുവലിന്റെ ഭാര്യ ശല്‍മ(24)ക്കും നവജാത ശിശുവുമാണ് ആംബുലന്‍സ് ജീവനക്കാരുടെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തിലേക്കെത്തിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് ഷിജിന്‍ കെഎന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഇന്ദുദേവി എന്നിവരാണ് രക്ഷകരായത്.

തിങ്കളാഴ്ച രാത്രി 9.45നാണ് സംഭവം. അടുക്കളയില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട ശല്‍മ ഇവിടെ വെച്ച് തന്നെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ സ്ഥലത്തെ ആശാ പ്രവര്‍ത്തകയെ വിവരം അറിയിച്ചു. ആശാ പ്രവര്‍ത്തകയാണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്.

Read Also: ലൗജിഹാദ് കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയുള്ള നുണബോംബ്: വിവാഹം വ്യക്തിപരം, ആരു വന്നാലും അതിനെ ചെറുക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഉടനടി കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറുകയായിരുന്നു. സ്ഥലത്തെത്തിയ ഉടനെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഇന്ദുദേവി അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി.

തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് ഷിജിന്‍ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്ത ആഴ്ച പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ഇരിക്കെയാണ് സംഭവം.

Exit mobile version