20000000000000, മോഡി പ്രഖ്യാപിച്ചത് 20ലക്ഷം കോടി, രാജ്യത്തെ ജനങ്ങള്‍ 130 കോടി, ഇതു രണ്ടും ഹരിച്ചാല്‍ ഒരാള്‍ക്ക് 15000 രൂപ കിട്ടും, അരമണിക്കൂര്‍ പ്രസംഗം മനസിലാവാന്‍ രണ്ട് മണിക്കൂര്‍ ഗൂഗിളില്‍ തിരയേണ്ടി വന്നുവെന്ന് പരിഹാസം

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞദിവസം രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചിരുന്നു. മോഡിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ രൂക്ഷമായ പരിഹാസത്തിന് ഇടയാക്കിയിരിക്കുകയാണ്.

രസകരമായ തലക്കെട്ടുകളിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മാധ്യമമാണ് ദി ടെലഗ്രാഫ്. മോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് അക്കത്തില്‍ എഴുതിയാണ് (20000000000000) ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ പ്രധാന തലക്കെട്ട്. ഇത് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.

20 ലക്ഷം കോടി രൂപ എന്നത് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിങ് ആയ വാക്കായി മാറിയിരിക്കുകയാണ്. അര മണിക്കൂര്‍ മാത്രം നീണ്ട പ്രസംഗത്തില്‍ മോഡി ഉപയോഗിച്ചത് സംസ്‌കൃതം കലര്‍ന്ന ഹിന്ദിയാണ്. ഇതും പലരും പരിഹസിച്ചിട്ടുണ്ട്. മോഡിയുടെ അരമണിക്കൂര്‍ പ്രസംഗം മനസിലാവാന്‍ രണ്ട് മണിക്കൂര്‍ ഗൂഗിളില്‍ തിരയേണ്ടി വന്നുവെന്ന് പലരും കളിയാക്കി.

മോഡി പ്രഖ്യാപിച്ച സംഖ്യ അക്കത്തിലെഴുതാമോ എന്ന് ചോദിച്ചവരുമുണ്ട്. കൂടാതെ മോഡി പ്രഖ്യാപിച്ച സംഖ്യയില്‍ പൂജ്യം വിട്ടുപോയാല്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് ചോദിച്ചാല്‍ മതിയെന്നും പരിഹാസമുണ്ട്. മറ്റു ചിലര്‍ മോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയെ ജനങ്ങള്‍ക്ക് തുല്യമായി വീതിച്ചു.

രാജ്യത്തെ ജനങ്ങള്‍ 130 കോടി. ഇതു രണ്ടും ഹരണം ചെയ്ത് ഒരാള്‍ക്ക് 15000 രൂപ കിട്ടുമെന്ന് പലരും ട്വിറ്ററിലൂടെ കണക്കുകൂട്ടി. അതേസമയം, മോഡിയുടെ പ്രഖ്യാപനം പോലെ ഒന്നും തന്നെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തിലുണ്ടാകില്ലെന്നു കളിയാക്കുന്നവരുമുണ്ട്.

ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന്‍ എന്ന പദ്ധതിക്ക് കീഴിലാണ് നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ഈ ആത്മനിര്‍ഭാറിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാനായിരുന്നു പലരുടെയും ആഗ്രഹം. മോഡി ഈ വാക്ക് ഉപയോഗിച്ചതിന് പിന്നാലെ ഗൂഗിളില്‍ ലക്ഷക്കണക്കിന് ആളുകളാണ് സെര്‍ച്ച് ചെയ്തത്. ഇതൊന്നും കൂടാതെ ഇത്രയും കോടി രൂപ എങ്ങനെ ചെലവഴിക്കുമെന്ന സംശയവും പലരും ഉയര്‍ത്തി.

Exit mobile version