രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും: ഇളവുകള്‍ വേണ്ട മേഖലകള്‍ അറിയിക്കാന്‍ നിര്‍ദേശം; മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ധാരണ. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള യോഗം ആറ് മണിക്കൂര്‍ നീണ്ടു.

അഞ്ച് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ നിര്‍ണയിക്കാന്‍ അനുമതിയുണ്ടാകും. ഇത്തരത്തില്‍ സോണുകളുടെ പട്ടിക തയ്യാറാക്കി 15-ാം തീയതിക്ക് മുമ്പ് നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതൊക്കെ മേഖലകളില്‍ ഇളവുവേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ചെന്നൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ, തമിഴ്‌നാട്ടില്‍ മെയ് 31 വരെ ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കരുതെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കരുതെന്ന് തെലങ്കാനയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടെന്ന് മോഡി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് മമതാ ബാനര്‍ജി നടത്തിയത്. വൈറസ് ബാധയുടെ കാലത്തും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കേന്ദ്രം വിവേചനം കാണിക്കുന്നതായും മമതാ ബാനര്‍ജി പറഞ്ഞു.

Exit mobile version