രോഗവ്യാപനത്തിന് കാരണമാകും; ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് തമിഴ്‌നാടും തെലങ്കാനയും

ചെന്നൈ: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്,തെലങ്കാന സര്‍ക്കാറുകള്‍. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ ആവശ്യം മുന്നോട്ടുവെച്ചത്.

ഈ സാഹചര്യത്തില്‍ പതിവായുള്ള വിമാന സര്‍വീസും മെയ് 31 വരെ നിര്‍ത്തിവയ്ക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഏഴായിരം കടന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മെയ് 31 വരെ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കേണ്ടതില്ല എന്നുള്ള നിലപാടാണ് തമിഴ്‌നാടിേ ന്റത്.

അതേസമയം, മെയ് 31 വരെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കരുതെന്ന് തെലങ്കാനയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടു. മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യത്തോട് മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളും യോജിച്ചു.

കോവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വേഗത കൈവരിക്കുമെന്നും മോഡി യോഗത്തില്‍ പറഞ്ഞു. എങ്കിലും കോവിഡിനെതിരെയുളള പോരാട്ടത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന കാര്യം ഓര്‍മ്മ വേണം. കോവിഡ് രോഗവ്യാപനം കുറയ്ക്കുന്നതിനായിരിക്കണം വരും ദിവസങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version