രാജ്യത്ത് പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കും; മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടന്‍ തന്നെ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

പൊതുഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് നല്‍കിയ എല്ലാ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.

ഗതാഗത മേഖലയിലെ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറിന് അറിയാമെന്നും ഇക്കൂട്ടരെ സര്‍ക്കാര്‍ സഹായിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ലണ്ടന്‍ പൊതുഗതാഗത മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാജ്യത്തെ ബസ്, കാര്‍ ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഗഡ്കരി വ്യക്തമാക്കി.

ആഗോള വിപണിയില്‍ സ്ഥാനം കണ്ടെത്താന്‍ നിക്ഷേപകര്‍ കോവിഡ് പ്രതിസന്ധിയെ വലിയ അവസരമാക്കി മാറ്റണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ആര്‍ക്കും ചൈനയില്‍ വ്യവസായം തുടരാന്‍ താത്പര്യമില്ലാത്തതിനാല്‍ ഇതൊരു അനുഗ്രഹമായി നമ്മള്‍ കാണണം. നിക്ഷേപങ്ങള്‍ ചൈനയ്ക്ക് പുറത്തേക്ക് കൊണ്ടുവരാന്‍ ജപ്പാന്‍ പ്രധാനമന്ത്രിയും താത്പര്യപ്പെടുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാന്‍ ഇതൊരു അവസരമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Exit mobile version