നട്ടെല്ലിനുള്ള തകരാറ് വകവെയ്ക്കാതെ 500 രൂപ ധനസഹായത്തിനായി 30 കിലോമീറ്റർ നടന്ന് ബാങ്കിലെത്തിയ രാധാദേവിക്ക് നിരാശ മാത്രം ബാക്കി; ഒടുവിൽ അക്കൗണ്ടിലേക്ക് സഹായപ്രവാഹവുമായി സുമനസുകൾ

ആഗ്ര: കേന്ദ്ര സർക്കാർ ജൻധൻ അക്കൗണ്ടുകളിലേക്ക് ഇട്ട 500 രൂധനസഹായത്തിനായി കിലോമീറ്ററോളം നടന്നിട്ടും നിരാശയായി മടങ്ങേണ്ടി വന്ന സ്ത്രീയ്ക്ക് സഹായ ഹസ്തവുമായി സുമനസുകൾ. നട്ടെല്ലിന് തകരാറുള്ള രാധാ ദേവി (50) എന്ന സ്ത്രീയ്ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. ഇവർ നേരത്തെ, ധനസഹായത്തിനായി 30 കിലോമീറ്ററോളം നടന്ന് ബാങ്കിലെത്തിയിരുന്നെങ്കിലും നിരാശയായി മടങ്ങുകയായിരുന്നു.

അതേസമയം, കുടുംബം പുലർത്താനായി 500 രൂപ പോലുമില്ലാതെ ബുദ്ധിമുട്ടിയ രാധാ ദേവിയുടെ അക്കൗണ്ടിലേക്ക് ഇതിനോടകം 26,000 രൂപയാണ് എത്തിയതെന്ന് അധികൃതർ പറയുന്നു. കൊവിഡ് ധനസഹായം സ്വീകരിക്കാനായി ആഗ്രയിലെ ശംബു നഗറിൽ നിന്ന് ഫിറോസാബാദ് വരെയാണ് രാധാ ദേവി സഞ്ചരിച്ചത്. എന്നാൽ, ബാങ്ക് അക്കൗണ്ട് ജൻ ധൻ അക്കൗണ്ടല്ലാത്തതിനാൽ ഇവർക്ക് പണം ലഭിച്ചിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ രാധാ ദേവിയുടെ എസ്ബിഐ അക്കൗണ്ടിലേയ്ക്ക് ഇതുവരെ 29 പേർ പണം അടച്ചിട്ടുണ്ടെന്ന് എസ്ബിഐ പാചോഖര ശാഖാ മനേജർ ലക്ഷ്മൺ സിങ് അറിയിച്ചു.

ഇതോടെ ഇവരുടെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് 207 രൂപയിൽ നിന്ന് 26,000 രൂപയായി ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാധാ ദേവിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാളും ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. രാധയുടെ വിവരം ധനമന്ത്രാലയത്തോട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇവർക്ക് ഉടൻ ജൻധൻ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അറിയിച്ചു.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച സഹായത്തിൽ സന്തോഷവതിയാണെന്ന് രാധാ ദേവി പറഞ്ഞു. അറിയുക പോലുമില്ലാത്ത ആളുകളിൽ നിന്ന് ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് രാധാദേവി പറയുന്നു. ഫിറോസാബാദ് ജില്ലയിലെ ഹിമ്മത്പൂർ സ്വദേശിയായിരുന്ന രാധാദേവി കൂലി വേലയ്ക്കായി ആഗ്രയിലെ ശംബു നഗറിലേക്ക് കുടിയേറുകയായിരുന്നു.

Exit mobile version