നോട്ട് നിരോധനവും ജിഎസ്ടിയും പോലെ ഈ ദുരന്തം താങ്കളുണ്ടാക്കിയതല്ല; പ്രധാനമന്ത്രിയെ ട്രോളി കണ്ണന്‍ ഗോപിനാഥന്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. നോട്ട് നിരോധനവും ജിഎസ്ടിയും ആര്‍ട്ടിക്കിള്‍ 370ഉം എന്‍ആര്‍സിയും പോലെ ഈ ദുരന്തം താങ്കളുണ്ടാക്കിയതല്ലെന്നും ഒരു രാജ്യമെന്ന നിലയ്ക്ക് നമ്മളിതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. ”പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡീ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും നിങ്ങള്‍ക്ക് താല്‍പര്യമുളള മറ്റ് പ്രമുഖരേയും ഉള്‍പ്പെടുത്തി ഒരു നാഷണല്‍ റെസ്പോണ്‍സ് ടീം രൂപീകരിക്കൂ. അവരുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തൂ. അവരില്‍ നിന്നും ആശയങ്ങള്‍ സ്വീകരിക്കൂ. അവര്‍ക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തൂ” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

”നോട്ട് നിരോധനവും ജിഎസ്ടിയും ആര്‍ട്ടിക്കിള്‍ 370ഉം എന്‍ആര്‍സിയും പോലെ ഈ ദുരന്തം താങ്കളുണ്ടാക്കിയതല്ല. ഒരു രാജ്യമെന്ന നിലയ്ക്ക് നമ്മളിതിനെ ഒറ്റക്കെട്ടായി നേരിടും”- എന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ വര്‍ഷം കണ്ണന്‍ ഗോപിനാഥന്റെ ഐഎഎസ് പദവി ഉപേക്ഷിച്ചത്.

രാജ്യത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വീസിലേക്ക് തിരികെ കയറാന്‍ കേന്ദ്രം കണ്ണന്‍ ഗോപിനാഥനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തിരിച്ച് കയറില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

Exit mobile version