കൊറോണ ബാധിച്ച് മുംബൈയില്‍ മലയാളിക്ക് ദാരുണാന്ത്യം

മുംബൈ: കേരളത്തിന് പുറത്ത് ഒരു മലയാളി കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലാണ് മരണം. മുംബൈ അന്ധേരിയില്‍ താമസിക്കുന്ന മേഴ്‌സി ജോര്‍ജ്ജ് ആണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

69 വയസ്സായിരുന്നു. രാജ്യത്ത് ഇതുവരെ കൊറോണ ബാധിതരുടെ എണ്ണം 46433 ആയി. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്.

രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത്. രാജ്യത്ത് നിലവില്‍ 32124 സജ്ജീവ രോഗികളാണുള്ളത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 14,000 കടന്നു. അതേസമയം 12727 പേര്‍ക്ക് രോഗം ഭേദമായത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്.

Exit mobile version