കേരളത്തിന് നന്ദി; അതിഥി തൊഴിലാളികളുമായി പോയ ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തി, പ്രത്യേകം ബസിലും കാറിലുമായി തൊഴിലാളികളെ അവരവരുടെ ജില്ലകളിലെത്തിച്ചു

ഭുവനേശ്വര്‍: കേരളത്തില്‍ നിന്നും 1150 അതിഥി തൊഴിലാളികളെയും വഹിച്ച് പോയ ട്രെയിന്‍ ഭുവന്വേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം 26 പ്രത്യേകം ബസുകളിലും കാറിലുമായി തൊഴിലാളികളെ അവരവരുടെ ജില്ലകളിലേക്ക് എത്തിക്കുകയും ചെയ്തു.

കണ്ഡമാല്‍, ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുര്‍, ഗജപതി കോരാപുട്ട് എന്നി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ജഗന്നാഥ്പുര്‍ സ്റ്റേഷനിലും ബാക്കിയുള്ളവര്‍ ഖുര്‍ദ സ്റ്റേഷനിലായിരിക്കും ഇറങ്ങുക. അതേസമയം അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ എത്തിയതിന് ശേഷം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

കൊവിഡ് കാലത്ത് ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് എല്ലാവിധ പരിരക്ഷയും ഉറപ്പാക്കുകയും സുരക്ഷിതമായി തിരികെ എത്താന്‍ സഹായിച്ചതിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. ഓപ്പറേഷന്‍ ശുഭയാത്രക്കായി സഹകരിച്ച റെയില്‍വേ മന്ത്രിക്കും നന്ദി. – നവീന്‍ പട്നായിക് ട്വീറ്റ് ചെയ്തു.

Exit mobile version