സ്വദേശത്തേയ്ക്ക് സൈക്കിളില്‍ യാത്ര തിരിച്ചു; 350 കിലോമീറ്റര്‍ താണ്ടിയപ്പോഴേയ്ക്കും വഴിയില്‍ കുഴഞ്ഞ് വീണു മരിച്ചു; 10 ദിവസത്തിനുള്ളില്‍ മരണപ്പെട്ടത് മൂന്ന് പേര്‍

ഭോപ്പാല്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ച അതിഥി തൊഴിലാളി വഴിമധ്യേ കുഴഞ്ഞ് വീണ് മരിച്ചു. സൈക്കിളില്‍ 350 കിലോമീറ്റര്‍ പിന്നിട്ടപ്പോളേയ്ക്കാണ് മധ്യപ്രദേശിലെ ബര്‍വാനിയില്‍ അമ്പതുകാരനായ തബറാക് അന്‍സാരി കുഴഞ്ഞ് വീണ് മരിച്ചത്.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ സമാനമായ വിധത്തില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് പത്ത് തൊഴിലാളികള്‍ക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ബിവാണ്ടിയില്‍ നിന്നും ഇയാള്‍ യാത്ര തിരിച്ചത്. ഭിവണ്ടിയിലെ പവര്‍ലൂം യൂണിറ്റില്‍ തൊഴില്‍ ചെയ്തുവന്നിരുന്നവരായിരുന്നു ഇവര്‍. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

‘എല്ലാവര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഭക്ഷണമോ ആഹാരമോ ഇല്ല. അതുകൊണ്ട് തന്നെ സൈക്കിളില്‍ സ്വദേശമായ മഹാരാജ്ഗഞ്ചിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചു. 350 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേയ്ക്കും തബറാക് തല കറങ്ങി സൈക്കിളില്‍ നിന്ന് താഴെ വീഴുകയായിരുന്നു.’ തൊഴിലാളികളിലൊരാളായ രമേഷ്‌കുമാര്‍ ഗോണ്ട് പറയുന്നു. നിര്‍ജ്ജലീകരണത്തോടൊപ്പം അമിതമായ ക്ഷീണവും ചൂടുമാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം.

Exit mobile version