ഗുണനിലവാരമില്ലാത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത രണ്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി: വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്ക് കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത രണ്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി. ഗുവാൻഷു വാൻഡ്‌ഫോ ബയോടെക്, സുഹായ് ലിവ്‌സോൺ ഡയഗ്‌നോസ്റ്റിക്‌സ് എന്നീ ചൈനീസ് കമ്പനികളുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത കമ്പനികളുടെ ലൈസൻസ് ആണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) റദ്ദാക്കിയത്.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകൾ ഗുണനിലവാരവും കൃത്യതയും ഇല്ലാത്തതാണെന്ന് പരാതിപ്പെട്ടിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നിർദേശപ്രകാരമാണ് നടപടി. ഇരു കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

ഇരു കമ്പനികൾക്കും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ് കൺട്രോളർമാർക്ക് നൽകിയ അറിയിപ്പിൽ സിഡിഎസ്‌സിഒ വ്യക്തമാക്കി. ഇവർ ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകളിൽ വ്യാപകമായി തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്നും അവ തിരിച്ചയക്കുന്നതിനായി തിരികെ ശേഖരിക്കുമെന്നും ഐസിഎംആറും സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.

അതേസമയം, ഇറക്കുമതി സംബന്ധിച്ച ഇടപാടിൽ ശരിയായ നടപടിക്രമങ്ങൾ പാലിച്ചതിനാൽ രാജ്യത്തിന് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Exit mobile version