കൃത്യമായി കരുക്കള്‍ നീക്കി ബിജെപി മുന്നോട്ട്, ലോക്ക് ഡൗണില്‍ കുടുങ്ങി പ്രതിസന്ധിയിലായത് കോണ്‍ഗ്രസ്, എല്ലാറ്റിനും പരിഹാരമുണ്ടെന്ന് വ്യക്തമാക്കി യുവനേതാവിന്റെ എന്‍ട്രി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇനിയും നീണ്ടുപോയേക്കാം, അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായേക്കാം, ഇതിനര്‍ത്ഥം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്നല്ല, പകരം കാര്യങ്ങള്‍ മുന്നോട്ട് പോവുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ജിതിന്‍ പ്രസാദ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ഒപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

നിര്‍ദേശങ്ങളെല്ലാം പാലിച്ച് സാധാരണ ഗതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബദല്‍ മാര്‍ഗം തേടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടിക്കടി വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് ഇത്തരമൊരു ബദല്‍ മാര്‍ഗം കൊണ്ട് വരണമെന്ന ആവശ്യവുമായി പാര്‍ട്ടി രംഗത്തെത്തുന്നത്.

കൊറോണ പ്രതിസന്ധിക്കിടയിലും ബിജെപി പ്രകടമായ രീതിയില്‍ തന്നെ രാഷ്ട്രീയ ആശയവിനിമയങ്ങള്‍ നടത്തുന്നുണ്ട്. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ ഉത്കണ്ഠപ്പെടുത്തുന്നു. കോണ്‍ഗ്രസിനെ കൂടുതല്‍ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് യുവ നേതാവ് ജിതിന്‍ പ്രസാദ രംഗത്തെത്തിയത്.

ലോക്ക് ഡൗണ്‍ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ കാര്യങ്ങള്‍ മുന്നോട്ട് പോവുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. നമ്മുടെ പ്രവര്‍ത്തകരുമായി നിരന്തരം സംവദിക്കേണ്ടതായുണ്ട്. ഇക്കാര്യം നമ്മള്‍ കാര്യമായി ആലോചിക്കേണ്ടതായുണ്ടെന്നും എത്രയും പെട്ടെന്ന് ചെയ്യാന്‍ കഴിയുമോ അത്രയും പെട്ടെന്ന് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും ജിതിന്‍ പ്രസാദ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തകരോട് സംവധിക്കുന്നതിനും മറ്റും സോഷ്യല്‍ മീഡിയ, യൂട്യൂബ് ചാനലുകള്‍, വെബ്പോര്‍ട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനങ്ങള്‍ കോണ്‍ഗ്രസ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമെല്ലാം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റേണ്ടി വരുമെന്നും യുവ നേതാവ് വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഫീഡ് ബാക്കുകള്‍ ശേഖരിക്കുന്നതിനായി എഐസിസിയുടെ ഔദ്യോഗിക അപ്ലിക്കേഷനായ ശക്തി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് വലിയ സഹായമായിരിക്കുമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു.

Exit mobile version