ഇന്ത്യൻ പാരാമിലിട്ടറിയിൽ ആദ്യത്തെ കൊവിഡ് മരണം; ഡൽഹിയിൽ ഒരു സിആർപിഎഫ് ജവാൻ മരിച്ചു; 47 സൈനികർക്ക് രോഗബാധ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് പാരാമിലിട്ടറി സൈനികരിലേക്കും പടരുന്നത് ആശങ്കയുണ്ടാക്കുന്നു. ഡൽഹി സിആർപിഎഫ് ബറ്റാലിയനിലെ 47 സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു സൈനികൻ കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്തു.

കൊവിഡ് ഭീതിയിൽ മയൂർ വിഹാർ സിആർപിഎഫ് ബറ്റാലിയനിലെ ആയിരത്തോളം ജവാൻമാർ നിലവിൽ ക്വാറന്റൈനിലാണ്. അസം സ്വദേശിയായ 55കാരനായ ജവാനാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. ചികിത്സയിലായിരുന്ന ഇയാൾക്ക് രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായി സഫ്ദർജങ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

സിആർപിഎഫ് പാരാമെഡിക് യൂണിറ്റിലെ ഒരു നഴ്‌സിങ് അസിസ്റ്റന്റിന് ഏപ്രിൽ 21നാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ഇയാൾ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.പിന്നാലെ, ഏപ്രിൽ 24ന് ബറ്റാലിയനിലെ ഒമ്പത് ജവാൻമാർക്കും തൊട്ടടുത്ത ദിവസം 15 ജവാൻമാർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version