സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കണം; അര്‍ണാബിനും റിപ്പബ്ലിക് ചാനലിനുമെതിരെ കടുപ്പിച്ച് കോണ്‍ഗ്രസ്, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മുംബൈ: സോണിയ ഗാന്ധിയ്ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ റിപ്പബ്ലിക് ടിവിക്കും ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

അര്‍ണാബ്, തന്റെ ചാനല്‍ വഴി തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും സൃഷ്ടിക്കുകയാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയമസഭാ കൗണ്‍സില്‍ അംഗം ഭായ് ജഗ്താപും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിംഗ് ഠാക്കൂറുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ റിപ്പബ്ലിക് ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പാല്‍ഘാര്‍ സംഭവത്തില്‍ ന്യൂനപക്ഷങ്ങളാണ് ആക്രമണം നടത്തിയതെന്ന തരത്തില്‍ ചാനല്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. അര്‍ണാബ് രാജ്യത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കാനും വിദ്വേഷം പരത്താനും ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു.

Exit mobile version