മകന് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവർത്തകരെ ആട്ടിയോടിച്ച് എഞ്ചിനീയറായ പിതാവ്; ഒടുവിൽ പോലീസെത്തി പിടിച്ച് ജയിലിലടച്ചു

സേലം: ആരോഗ്യപ്രവർത്തകരെ ആട്ടിയോടിച്ച് കൊവിഡ് 19 പരിശോധനയ്ക്ക് സമ്മതിക്കാതിരുന്ന എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് വിസമ്മതിച്ചതിനാണ് പകർച്ചവ്യാധി നിയമപ്രകാരം എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തത്. സേലം മേട്ടൂർ സ്വദേശി കണ്ണനെ(54)യാണ് മേട്ടൂർ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

കണ്ണന്റെ മകന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ കണ്ണനോടും കുടുംബത്തോടും സമ്പർക്കവിലക്കിൽ കഴിയാൻ ആരോഗ്യപ്രവർത്തകർ നിർദേശിച്ചിരുന്നു. പിന്നീട് ആദ്യഘട്ട പരിശോധനയ്ക്കായി രക്ത-സ്രവ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

പിന്നാലെ, കഴിഞ്ഞദിവസം വീണ്ടും കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി. എന്നാൽ ഇവരെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കാതെ കണ്ണൻ ഇറക്കിവിടുകയായിരുന്നു. പിന്നാലെ ഇയാൾ സമ്പർക്കവിലക്ക് ലംഘിച്ച് സബ് കളക്ടറുടെ ഓഫീസിലെത്തി ബഹളം വെയ്ക്കുകയും ചെയ്തു. തുടർന്നാണ് മേട്ടൂർ പോലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്.

Exit mobile version