കൊറോണ പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകനെ അച്ഛനും മക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് ഓടിച്ചു ;രണ്ടുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോലും മറന്ന് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശില്‍ കൊറോണ ഡ്യൂട്ടിയിലുണ്ടായിരന്ന ഡോക്ടറെയും പോലീസ് ഉദ്യോഗസ്ഥനെയും അച്ഛനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ സംഭവം. ഭോപ്പാലില്‍ നിന്ന് 370 കിലോമീറ്റര്‍ അകെലയുള്ള ഷിയാപ്പൂര്‍ ജില്ലയിലെ ഗസ്വാനി ഗ്രാമത്തില്‍ വെച്ചായിരുന്നു ഡോക്ടറെയും പോലീസിനെയും അച്ഛനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ഗോപാല്‍ എന്ന കര്‍ഷകനും മക്കളുമാണ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളുടെ മകന്‍ കഴിഞ്ഞ ദിവസം സമീപത്തുളള ജില്ലയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ അന്വേഷിച്ചറിയാനും പരിശോധന നടത്താനും ഡോക്ടര്‍ വീട്ടിലെത്തിയത്. എന്നാല്‍ പരിശോധന നടത്താന്‍ കുടുംബാംഗങ്ങള്‍ ഡോക്ടറെ അനുവദിച്ചില്ല.

ഡോക്ടറുമായി സഹകരിക്കുന്നതിന് പകരം ഇവര്‍ കല്ലെറിയുകയായിരുന്നു. ഡോക്ടര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടപ്പോള്‍ പോലീസുകാരന് കല്ലേറില്‍ സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പിതാവ് ഗോപാല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. മധ്യപ്രദേശില്‍ ഇത് അഞ്ചാം തവണയാണ് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.

Exit mobile version