ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി; പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരും; ഇതുവരെ റദ്ദാക്കിയത് 25പേരുടെ പാസ്‌പോര്‍ട്ടുകള്‍: സുഷമ സ്വരാജ്

ഭാര്യയെ ഉപേക്ഷിക്കുന്ന ഇത്തരക്കാരെ നിര്‍ബന്ധമായും അറസ്റ്റു ചെയ്യാനുള്ള നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് നവംബര്‍ 13ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ന്യൂഡല്‍ഹി: വിദേശത്ത് പോയ ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാന്‍ ശൈത്യകാല പാര്‍ലമെന്റ് സെഷനില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സുഷമാ സ്വരാജ്. ഭാര്യമാരെ ഉപേക്ഷിച്ചു എന്ന ആരോപണം നേരിടുന്ന 25 ആളുകളുടെ പാസ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന്റെ അധികാരം ഉപയോഗിച്ച് ഇതുവരെ റദ്ദ് ചെയ്തതായും സുഷമ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മന്ത്രി സുഷമ സ്വരാജ് മാധ്യമങ്ങളെ കണ്ടത്.

ഭാര്യയെ ഉപേക്ഷിക്കുന്ന ഇത്തരക്കാരെ നിര്‍ബന്ധമായും അറസ്റ്റു ചെയ്യാനുള്ള നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് നവംബര്‍ 13ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇങ്ങനെയുള്ള ഒരു നിയമനിര്‍മ്മാണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികളുടെ കേസുകള്‍ ക്രിമിനല്‍ വകുപ്പ് ആയി പരിഗണിക്കുകയും അത് വഴി അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ഫെബ്രുവരിയില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി പറഞ്ഞിരുന്നു.

Exit mobile version