കൊവിഡ് പോരാട്ടം: ലോകനേതാക്കളിൽ ഏറ്റവും മുന്നിൽ പ്രധാനമന്ത്രി മോഡി; യുഎസ് നടത്തിയ സർവേ അഭിമാനത്തോടെ പങ്കുവെച്ച് ധനമന്ത്രി

ന്യൂഡൽഹി: കൊവിഡിനെ നേരിടുന്നതിനെ ചൊല്ലി ലോകം ആശങ്കയിൽ നിൽക്കെ കൊവിഡ് പോരാട്ടത്തിൽ 10 ലോകനേതാക്കളിൽ ഏറ്റവും ഉയർന്ന റേറ്റിങ് കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് യുഎസിലെ സർവേ ഉദ്ധരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള സർവേ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് ജനുവരി 1നും ഏപ്രിൽ 14നും ഇടയിൽ നടത്തിയ സർവേയിലാണ് മികച്ച പത്തു ലോകനേതാക്കളിൽ മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തിയത്. തൊട്ടുപിന്നിൽ മെക്‌സിക്കോയുടെ ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരാണ്.

‘കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി മുന്നിൽ നിന്ന് നയിക്കുന്നു. സ്ഥിരമായ ഉയർന്ന അംഗീകാര റേറ്റിങ്ങാണ് പ്രധാനമന്ത്രിക്ക്. മഹാമാരിയെ അഭിമുഖീകരിക്കുന്ന അസാധാരണമായ ഈ സാഹചര്യത്തിൽ രാഷ്ട്രത്തിന് അതിന്റെ നേതൃത്വത്തിൽ വിശ്വാസമുണ്ട്’.-നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു. സർവേയുടെ രണ്ടു ഗ്രാഫുകളും കേന്ദ്ര മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഗ്രാഫുകൾ പ്രകാരം നരേന്ദ്ര മോഡിയുടെ ലഭിച്ച റേറ്റിങ് 68 പോയിന്റാണ്.

Exit mobile version