‘വയ്യാത്ത അമ്മയും അനിയനും പട്ടിണികിടക്കുന്നത് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാ സാറേ..’, മോഷണത്തിന് അറസ്റ്റിലായ 16കാരന് തുണയായി കോടതി; കണ്ണുനിറഞ്ഞ് പോലീസ്

പാട്‌ന: പണിയൊന്നുമില്ലാത്തതിനെ തുടർന്ന് പട്ടിണിയിലായ കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ പണം മോഷ്ടിച്ച 16കാരന് തുണയായി കോടതി. യുവതിയുടെ പേഴ്‌സ് മോഷ്ടിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്ത പതിനാറുകാരനെ പ്രായം പരിഗണിച്ചും അവന്റെ ഗതികേട് ഓർത്തും കോടതി വെറുതെ വിടുകയായിരുന്നു. കൂടാതെ കൗമാരക്കാരനും കുടുംബത്തിനും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ പോലീസിനും അധികൃതർക്കും നിർദേശവും നൽകി.

ബിഹാർ നളന്ദയിലെ കോടതിയാണ് നിയമത്തെ നിയമത്തിന്റെ വഴിയെ പോകാൻ അനുവദിക്കാതെ മനുഷ്യത്വപരമായ സമീപനം കാണിച്ചത്. ഹോട്ടലുകളിൽ ജോലി ചെയ്താണ് 16 വയസുകാരൻ കുടുംബം പുലർത്തിയിരുന്നത്. പിന്നീട് ഒരു സ്ത്രീയുടെ പേഴ്‌സ് മോഷ്ടിച്ച കേസിലാണ് പോലീസ് ഇവനെ അറസ്റ്റ് ചെയ്ത്. ദിവസങ്ങൾക്ക് മുമ്പ് നഗരത്തിലെ മാർക്കറ്റിലായിരുന്നു മോഷണം നടന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയായ 16 കാരനെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. എന്നാൽ എന്തിനാണ് താൻ മോഷണം നടത്തിയതെന്ന കാര്യം 16 കാരൻ കോടതിയിൽ തുറന്നുപറഞ്ഞതോടെ കേട്ടുനിന്ന പോലീസിന്റേയും ജഡ്ജിയുടേയും കണ്ണുനിറയുകയായിരുന്നു.

പിതാവ് മരിച്ചതോടെ മാനസികവൈകല്യമുള്ള അമ്മയുടെയും 13 വയസ്സുള്ള സഹോദരന്റെയും ഏക ആശ്രയം 16 കാരനായിരുന്നു. ഹോട്ടലുകളിലും മറ്റുവീടുകളിലും ചെറിയ ജോലികൾ ചെയ്ത് ലഭിക്കുന്ന പണമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. എന്നാൽ ലോക്ക്ഡൗൺ വന്നതോടെ ജോലി ഇല്ലാതായി. കുടുംബം പട്ടിണിയിലായി. അമ്മയും സഹോദരനും താനും വിശന്ന് വലഞ്ഞതോടെയാണ് മോഷ്ടിച്ചാണെങ്കിലും പണമുണ്ടാക്കാൻ തുനിഞ്ഞിറങ്ങുകയായിരുന്നെന്ന് 16 വയസ്സുകാരൻ കോടതിയിൽ പറഞ്ഞു. ഇതുകേട്ടതോടെ കേസിൽ 16 കാരനെ വെറുതെവിട്ടും കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പുവരുത്തിയും കോടതി ഉത്തരവിടുകയായിരുന്നു.

16 കാരനും കുടുംബത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്രയുംപെട്ടെന്ന് എത്തിച്ചുനൽകണമെന്ന് കോടതി പോലീസിന് നിർദേശം നൽകി. വിധവയായ കുട്ടിയുടെ അമ്മയ്ക്ക് വിധവാ പെൻഷൻ ഉറപ്പുവരുത്തണമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കാനും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറോടും കോടതി നിർദേശിച്ചു. ഇവർക്ക് ആധാറും റേഷൻ കാർഡും അനുവദിക്കാനും സർക്കാരിന്റെ ഏതെങ്കിലും പാർപ്പിട നിർമാണ പദ്ധതിയിൽ ഈ കുടുംബത്തിന് ഫണ്ട് അനുവദിക്കാനും കോടതി ഉത്തരവിട്ടു. നാല് മാസത്തിന് ശേഷം ഇതെല്ലാം നടപ്പിലാക്കി റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Exit mobile version